കോട്ടയ്ക്കൽ: പലതുള്ളി പെരുവെള്ളമാകുമെന്ന് തെളിയിച്ച് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ. സംസ്ഥാനത്തെ 42 ലക്ഷം അയൽക്കൂട്ടകുടുംബാംഗങ്ങളാണ് വിയർപ്പിന്റെ ഒരു വിഹിതം നാടിന്റെ വീണ്ടെടുപ്പിനായി നൽകുന്നത്. ഇത്രയും അംഗങ്ങളുടെ ഒരാഴ്ചത്തെ മിതവ്യയസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ജില്ലാമിഷനുകൾ സംഖ്യ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്.
ഓരോ അയൽക്കൂട്ടഅംഗവും അധ്വാനത്തിലൂടെ കിട്ടുന്ന സംഖ്യയിൽ മിച്ചംപിടിച്ച് സ്വരുക്കൂട്ടുന്ന തുകയാണ് മിതവ്യയസമ്പാദ്യം. ഒരു അയൽക്കൂട്ടത്തിൽ സാമ്പത്തികമായി താഴെനിൽക്കുന്ന അംഗത്തിന് മുടങ്ങാതെ അടയ്ക്കാൻ കഴിയുന്ന തുകയായിരിക്കും ആ അയൽക്കൂട്ടത്തിന്റെ മിതവ്യയസമ്പാദ്യം(ത്രിഫ്റ്റ്). അയാൾക്ക് 10 രൂപയാണ് അടയ്ക്കാൻ കഴിയുക എങ്കിൽ അയൽക്കൂട്ടത്തിലെ എല്ലാവരും 10 രൂപവെച്ചായിരിക്കും അടയ്ക്കുക.
ഉയർന്ന ത്രിഫ്റ്റ് തുക ഉള്ള അയൽക്കൂട്ടങ്ങൾക്ക് ഉയർന്ന തുക സമാഹരിക്കാനാവും. 42ലക്ഷം പേർ പത്തുരൂപവെച്ച് നൽകിയാൽത്തന്നെ 4.2 കോടി സമാഹരിക്കാനാവും. നൂറും അഞ്ഞൂറും രൂപവരെ ത്രിഫ്റ്റ് അടയ്ക്കുന്ന അയൽക്കൂട്ടങ്ങളുണ്ട്. അതുകൊണ്ട് സംഖ്യ ഇനിയും കൂടുമെന്നാണ് കുടുംബശ്രീയുടെ കണക്കുകൂട്ടൽ.
ശനി, ഞായർ ദിവസങ്ങളിലാണ് അയൽക്കൂട്ടങ്ങൾ യോഗം ചേർന്ന് തുക സമാഹരിച്ചത്. കോഴിക്കോട് ജില്ലാമിഷൻ കഴിഞ്ഞദിവസംവരെ അരക്കോടി സമാഹരിച്ചു. ഒരുകോടിയാണ് കോഴിക്കോടുനിന്ന് പ്രതീക്ഷിക്കുന്നത്. മലപ്പുറത്ത് 25 പഞ്ചായത്തുകളിൽനിന്നായി 22 ലക്ഷത്തിലേറെ സമാഹരിച്ചുകഴിഞ്ഞു. കുടുംബശ്രീക്ക് നല്ല വേരോട്ടമുള്ള ജില്ലയിൽനിന്നു 80 ലക്ഷമെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. കണ്ണൂരിൽ 20 ലക്ഷമായി.
മഴക്കെടുതിയിൽ ആലങ്കോട്, വേങ്ങര യൂണിറ്റുകൾ പൂർണമായി നശിച്ചിട്ടും കുടുംബശ്രീ ന്യൂട്രിമിക്സ് ഒരുലക്ഷത്തിലേറെ ഈ സമാഹരണയജ്ഞത്തിലേക്ക് സംഭാവനചെയ്തു. പ്രളയക്കെടുതിയുടെ ബുദ്ധിമുട്ടുകൾ കാരണം എല്ലാ ജില്ലകളിലെയും കണക്കുകൾ ശേഖരിക്കാനായിട്ടില്ല. കുടുംബശ്രീയുടെ ചെറുകിടസംരംഭങ്ങൾ, കൺസൽട്ടന്റുമാർ, പരിശീലകർ തുടങ്ങിയവരുടെ സംഭാവനകൾ വേറെയുമുണ്ടാകും.
സമാഹരിച്ചതുക സംസ്ഥാനതലത്തിൽ ഏകോപിപ്പിച്ച് അധികം വൈകാതെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കുടുംബശ്രീ മിഷൻ മലപ്പുറം ജില്ലാമിഷൻ കോ- ഓർഡിനേറ്റർ സി. കെ. ഹേമലത പറഞ്ഞു. അതിനുശേഷംവരുന്ന സംഖ്യയും ഘട്ടംഘട്ടമായി നൽകും.
ദുരിതാശ്വാസക്യാമ്പുകളിൽ ഭക്ഷണം പാകംചെയ്യൽ അടക്കമുള്ള ജോലികൾ, വീടുകളുടെ ശുചീകരണം എന്നിവയിൽ കുടുംബശ്രീ അംഗങ്ങൾ ജോലി മാറ്റിവെച്ച് പരമാവധി അംഗങ്ങൾ സേവനം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.