മലപ്പുറം: വനിതാമതിലിലെ മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തവും കെ.എം. ഷാജിക്ക് നിയമസഭാംഗത്വം നഷ്ടമാകാനുണ്ടായ സാഹചര്യവും വിശദീകരിച്ച് മന്ത്രി കെ.ടി. ജലീൽ നടത്തിയ പ്രസ്താവനകൾ വിവാദത്തിൽ. ‘മതം’ കലർന്ന പ്രസ്താവനകൾക്കെതിരേ പ്രതിഷേധവുമായി ഇരുവിഭാഗം സുന്നി സംഘടനാനേതാക്കളും രംഗത്തെത്തി.

ലീഗ് സ്‌പോൺസേർഡ് മതസംഘടനകളുടെ ’സ്ത്രീകൾ പുറത്തിറങ്ങരുതെന്ന’ മതവിധിക്ക് പുല്ലുവില കൽപ്പിച്ചാണ് പതിനായിരക്കണക്കിന് മുസ്‌ലിം സ്ത്രീകൾ മലപ്പുറത്ത് വനിതാമതിലിൽ പങ്കെടുത്തതെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. ഇത് ഫെയ്‌സ്ബുക്ക് പോസ്റ്റിലും ആവർത്തിച്ചു. പ്രതിഷേധമുയർന്നതോടെ ഫെയ്സ്ബുക്കിൽ മറുകുറിപ്പുമായി മന്ത്രി രംഗത്തെത്തി.

എ.പി. സുന്നി നേതാക്കളായ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, എസ്.എസ്.എഫ്. മുൻ സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂർ, കോളമിസ്റ്റ് ഒ.എം. തരുവണ തുടങ്ങിയവർ കടുത്തഭാഷയിലാണ് മന്ത്രിയുടെ വാക്കുകളെ വിമർശിക്കുന്നത്.

സ്ത്രീ രംഗപ്രവേശം നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്‌ലാമെന്നും മതവിധികൾക്ക് പുല്ലുവിലയാണ് എന്നുമൊക്കെ ഒരു മന്ത്രി വിളിച്ചുകൂവുന്നത് ഏതു പാർട്ടിയുടെ പുരപ്പുറത്തുകയറിയാണെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണെന്ന് മുഹമ്മദലി കിനാലൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മന്ത്രി കെ.ടി. ജലീൽ നിരീശ്വരവാദികളെപ്പോലും കടത്തിവെട്ടുകയാണെന്ന് മുസ്‌ലിം ജമാഅത്ത് നേതാവും പ്രഭാഷകനുമായ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ പ്രതികരിച്ചു. മലപ്പുറത്ത് കുറച്ച് പെൺകൂട്ടങ്ങളെക്കണ്ട് ഇയാൾ നിലവിടുകയാണ്. ഇയാളെ അവഗണിക്കാൻ സമയം വൈകി -അദ്ദേഹം പറയുന്നു

മതം അതിന്റെ നിലപാടുകൾ പറയാതിരിക്കില്ലെന്നും അതിനെ എതിർക്കാൻ ജലീലിന്റെ ഇടതുതിണ്ണ ബാന്ധവം ഒട്ടുംപോരെന്നും ഒ.എം. തരുവണ മന്ത്രിക്ക് മറുപടിയെഴുതി.

കെ.എം. ഷാജിക്ക് നിയമസഭാംഗത്വം നഷ്ടമാകാനിടയാക്കിയ ലഘുലേഖയിലെ ’മുസ്‌ലിങ്ങൾ മാത്രമേ സ്വർഗത്തിൽ പ്രവേശനം നേടൂവെന്ന’ പരാമർശത്തെ ജലീൽ വിമർശിച്ചിരുന്നു. അമുസ്‌ലിങ്ങളും സ്വർഗത്തിൽ പ്രവേശിക്കുമെന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇൗ വിശ്വാസം ഒരു മതവിശ്വാസിക്കു ചേർന്നതല്ലെന്ന് ഇ.കെ. വിഭാഗം നേതാക്കളായ പാണക്കാട് ഹമീദലി ശിഹാബ്തങ്ങളും സത്താർ പന്തലൂരും പ്രസ്താവനയിൽ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ മറുകുറിപ്പുമായി ബുധനാഴ്ച രംഗത്തെത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയോടും (ഇ.കെ. വിഭാഗം) അതിന്റെ നിസ്വാർഥരായ പണ്ഡിതൻമാരോടും എന്നും ബഹുമാനവും ആദരവുമേ തനിക്കുള്ളൂവെന്നും ഇടതുപക്ഷത്തെ അന്ധമായി എതിർക്കുകയും മുസ്‌ലിംലീഗിനെ കണ്ണടച്ച് പിന്തുണയ്ക്കുകയും ചെയ്യുന്ന സമസ്തയിലെ ചില ’ലീഗ് തുർക്കികളുടെ’ നിലപാടിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഒരു പാർട്ടിയിൽ ചേർന്നാൽ കിട്ടുന്നതോ മറ്റേതെങ്കിലും പാർട്ടിയോട് സഹകരിച്ചുപ്രവർത്തിച്ചാൽ ലഭിക്കാതെ പോകുന്നതോ അല്ല ഇസ്‌ലാംമത വിശ്വാസത്തിലെ മെമ്പർഷിപ്പെന്നും മന്ത്രി പോസ്റ്റിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കാര്യമായി പിന്തുണച്ച കാന്തപുരം വിഭാഗത്തിൽനിന്ന് ആദ്യമായാണ് മന്ത്രിക്കെതിരേ വിമർശമുയരുന്നത്. മന്ത്രിയുടെ പ്രസ്താവനകളിൽ മതവിരുദ്ധതയാരോപിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തിൽ പരസ്യ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്.

content highlights: kt jaleel,vanithamathil