കോഴിക്കോട്: മന്ത്രി ജലീലിന് എതിരായ ലോകായുക്ത റിപ്പോര്‍ട്ടും അതിന് നിയമമന്ത്രി എ.കെ. ബാലന്‍ ശനിയാഴ്ച നല്‍കിയ വിശദീകരണവും സി.പി.എമ്മിനകത്ത് ധാര്‍മികതയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. നേരത്തേ ബന്ധുനിയമനത്തിന്റെ പേരില്‍ പിണറായി മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ.പി. ജയരാജന്റെ രാജി ചോദിച്ചുവാങ്ങിയ പാര്‍ട്ടി നേതൃത്വത്തിന് ജലീലിന്റെ കാര്യത്തില്‍ എന്തുകൊണ്ട് മൃദുസമീപനം എന്നതാണ് ചര്‍ച്ചകളുടെ കാതല്‍.

വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചതായിരുന്നു ഇ.പി. ജയരാജന്റെ രാജിയില്‍ കലാശിച്ചത്. 2016 ഒക്ടോബര്‍ 14-നായിരുന്നു രാജി.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മന്ത്രിസ്ഥാനത്ത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ് ജയരാജന്‍ സ്ഥാനമൊഴിഞ്ഞത്. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ജയരാജന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്.

നിയമനത്തില്‍ ജയരാജന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി എന്നതായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇതേ ആക്ഷേപംതന്നെയാണ് മന്ത്രി ജലീലിനെതിരേയും ഉയര്‍ന്നത്. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ലോകായുക്ത ഉത്തരവ്. ജലീലിന്റെ അടുത്തബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവയും കണ്ടെത്തി.

ശനിയാഴ്ച ചേര്‍ന്ന സി.പി.എം. അവയ്ലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഹൈക്കോടതിയെ സമീപിക്കാനുള്ള ജലീലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണനല്‍കി. ബന്ധുക്കളെ നിയമിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി ബാലന്‍ രംഗത്തെത്തിയതോടെയാണ് ധാര്‍മികത ചര്‍ച്ചയായത്. ഇ.പി. ജയരാജനു കിട്ടാത്ത നീതിയും പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച ധാര്‍മികതയും ഇപ്പോള്‍ എവിടെയെന്നാണ് ചോദ്യം.

ഉയര്‍ന്ന ശമ്പളത്തില്‍ മറ്റു സ്ഥാപനങ്ങളില്‍നിന്നുള്ളവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കരുതെന്ന കീഴ്വഴക്കമുള്ളപ്പോഴാണ് കെ.ടി. ജലീലിന്റെ പേരില്‍ ബന്ധുനിയമനത്തിന്റെ ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും ഉന്നതരില്‍ ജലീലിനുള്ള സ്വാധീനമാണ് ഇതിനുപിന്നിലെന്നും മുസ്ലിം സമുദായത്തിലെ ചില സംഘടനകളിലേക്കുള്ള പാര്‍ട്ടിയുടെ പാലമാണ് ജലീല്‍ എന്നതും വിമര്‍ശകര്‍ എടുത്തുപറയുന്നു.

Content Highlights: KT Jaleel unfit to continue as minister- Lokayukta, discussion in CPM