കോഴിക്കോട്: സഹകരണബാങ്ക് വിവാദത്തില്‍നിന്ന് മുന്‍ മന്ത്രി കെ.ടി. ജലീലിനെ പിന്നോട്ടുവലിച്ച നടപടികള്‍ മുസ്ലിം ലീഗുമായി ഭാവിയിലുള്ള ചങ്ങാത്തത്തിന്റെ സൂചനകളാണെന്ന അഭ്യൂഹം സി.പി.എം. പാടെ നിരാകരിക്കുന്നു. മുസ്ലിം ലീഗുമായി ചങ്ങാത്തം സി.പി.എം. ആഗ്രഹിക്കുന്നതേയില്ല. യു.ഡി.എഫിന്റെ രാഷ്ട്രീയകരുനീക്കങ്ങളുടെയെല്ലാം സൂത്രധാരന്മാരില്‍ ഒരാള്‍ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് എന്നതിനാല്‍തന്നെ ലീഗിന് എതിരേയുള്ള രാഷ്ട്രീയയുദ്ധം തുടരാന്‍തന്നെയാണ് സി.പി.എം. തീരുമാനം.

എ.ആര്‍. നഗര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വാളോങ്ങിയ മുന്‍ മന്ത്രി കെ.ടി. ജലീലിനെ വിളിച്ചുവരുത്തിയതും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) ക്ഷണിച്ചുകൊണ്ടുള്ള ജലീലിന്റെ നീക്കത്തെ പാടെ തള്ളിയതും മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയനീക്കങ്ങള്‍ തന്നെയാണ്. സഹകരണമേഖലയിലേക്ക് ഇ.ഡി.യെപ്പോലൊരു കേന്ദ്ര ഏജന്‍സിയെ ക്ഷണിച്ചാലുണ്ടാകാന്‍പോകുന്ന അപകടം അദ്ദേഹത്തിനറിയാം.

ഇന്ത്യയിലെ സഹകരണമേഖല കൈകാര്യം ചെയ്യുന്നത് ഒരു വര്‍ഷം 18 ലക്ഷം കോടി രൂപയാണ്. ഈ രംഗത്തേക്ക് ഇ.ഡി.യും മറ്റും കടന്നുവന്നാല്‍ സഹകരണമേഖലയെ മാത്രമല്ല, സി.പി.എമ്മിനെയും എല്ലാവിധത്തിലും ശ്വാസംമുട്ടിക്കാന്‍ അത് വഴിയൊരുക്കുമെന്ന് അവര്‍ക്കറിയാം. അതാണ് ഈ വിഷയത്തില്‍ അമിതാവേശം കാണിച്ച ജലീലിനെതിരേ നിലപാടെടുക്കാനുള്ള കാരണം.

എന്നാല്‍, ഈ നീക്കങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും മുസ്ലിം ലീഗ് ഇടതുപാളയത്തില്‍ എത്തിയേക്കുമെന്നതിന്റെ സൂചനയായി കണക്കുകൂട്ടുന്നവരുണ്ട്. പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ഒരുഘട്ടത്തില്‍ മുസ്ലിം ലീഗിനോട് വലിയ താത്പര്യം കാണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ കണക്കുകൂട്ടല്‍. എന്നാല്‍, ആ സ്ഥിതിയില്‍നിന്ന് കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥ ഏറെ മാറിക്കഴിഞ്ഞെന്നും ഇനി ലീഗിനെ കൂടെക്കൂട്ടുന്നത് രാഷ്ട്രീയമായി വലിയ നഷ്ടക്കച്ചവടമാവുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ രാഷ്ട്രീയലൈനിന്റെയും ബുദ്ധികേന്ദ്രം. കേരളത്തില്‍ ഏറ്റവുമേറെ ഹിന്ദുവോട്ടുകള്‍ സ്വന്തമായുള്ള പാര്‍ട്ടി ഇപ്പോഴും സി.പി.എം. തന്നെയാണ്.

മുസ്ലിം ലീഗുമായി ചങ്ങാത്തംകൂടിയാല്‍ ഈ ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവുമെന്ന് സി.പി.എമ്മിന് തിരിച്ചറിവുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സി.പി.എം. അനുഭാവികളിലൊരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനാവുമെന്ന ചിന്ത സംഘപരിവാറിനുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് സി.പി.എം. ലീഗുമായുള്ള എല്ലാ സൗഹൃദവും വിച്ഛേദിച്ചിരിക്കുന്നത്.

മുസ്ലിം ലീഗിനെ കൂടെക്കൂട്ടിയാല്‍ മുസ്ലിം വോട്ടുകള്‍ കൂടുതലായി ലഭിക്കുമെന്നൊരു ചിന്ത നേരത്തേ സി.പി.എമ്മില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ സമുദായത്തില്‍ ലീഗിന് പഴയ അപ്രമാദിത്വമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലീഗിനോളമോ അതിനപ്പുറമോ വളര്‍ന്ന ചില സാമുദായിക ഗ്രൂപ്പുകളുമായി ഇതിനകംതന്നെ സി.പി.എം. നല്ല സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട് -പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍വഴിതന്നെ ആ സമുദായത്തെ ആകര്‍ഷിക്കാനാവുമെന്നും അത് വോട്ടായിമാറുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുകണക്കുകള്‍ സി.പി.എമ്മിനെ പഠിപ്പിച്ചിട്ടുണ്ട്. ഇതൊടൊപ്പംതന്നെ മുസ്ലിം ലീഗില്‍ നടക്കുന്ന നേതൃത്വത്തിനെതിരായ വിമതനീക്കങ്ങളെ വളര്‍ത്തി, ലീഗിനെ തളര്‍ത്തുന്ന രാഷ്ട്രീയലൈനാവും ഇനി സി.പി.എം. നടപ്പാക്കുന്നത്.