കൊല്ലം/തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യനീക്കം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ. പഴയ ബസുകളിൽ ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തി മാലിന്യനീക്കം ഉൾപ്പെടെ ചെയ്യാമെന്നായിരുന്നു നിർദേശം.

ജൂലായ് ഏഴിന് ഈ നിർദേശമടങ്ങിയ അർധ ഔദ്യോഗിക കത്ത് കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ സർക്കാരിനു നൽകി. കഴിഞ്ഞദിവസം ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പഞ്ചായത്ത്, ഗ്രാമവികസനവകുപ്പ്, നഗരകാര്യ ഡയറക്ടർമാർ, ജില്ലാപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് കത്തുനൽകിയതോടെയാണ് സംഭവം പുറത്തായത്.

ഇതോടെ, ഭരണാനുകൂല തൊഴിലാളി സംഘടനകളടക്കം എതിർപ്പുമായി രംഗത്തെത്തി. ടിക്കറ്റ് ഇതര വരുമാനം കൂട്ടാൻ തദ്ദേശസ്ഥാപനങ്ങളിലെ ഹെവി വാഹനങ്ങളുടെ പരിപാലനം വ്യവസ്ഥകൾക്കു വിധേയമായി കെ.എസ്.ആർ.ടി.സി.യെ ഏൽപ്പിക്കണമെന്നായിരുന്നു എം.ഡി.യുടെ കത്തിന്റെ ഉള്ളടക്കം.

കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും വാഹനങ്ങൾ ഏറ്റെടുത്ത് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരെ ഉപയോഗിച്ച് മാലിന്യനീക്കത്തിനു തയ്യാറാണ്. പാപ്പനംകോട് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി.യുടെ 25 ആധുനിക വർക്‌ഷോപ്പുകളും തദ്ദേശസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കാമെന്നും നിർദേശിച്ചു.

മാലിന്യനിർമാർജനത്തിന് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരെ ഉപയോഗിക്കാനുള്ള നിർദേശം പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി. എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി.) ജനറൽസെക്രട്ടറി എം.ജി. രാഹുൽ പറഞ്ഞു. പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾ ഓടിക്കാനായി പി.എസ്.സി. വഴി നിയമിച്ച ഡ്രൈവർമാരെ മാലിന്യനീക്കത്തിനുപയോഗിക്കാൻ അനുവദിക്കില്ലെന്ന് ടി.ഡി.എഫ്. വർക്കിങ് പ്രസിഡന്റ് ആർ. ശശിധരൻ വ്യക്തമാക്കി. ബി.എം.എസും എതിർപ്പുമായി രംഗത്തുണ്ട്.

വരുമാനവർധനയ്ക്കുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് തീരുമാനം. സ്ഥിരം തൊഴിലാളികൾക്ക് സമ്മതമല്ലെങ്കിൽ എംപാനൽഡുകാരെ ഏൽപ്പിക്കുമെന്നാണ് എം.ഡി. പറയുന്നത്.

വണ്ടി ഓടിക്കാൻ മാത്രം ഡ്രൈവർമാർ

മാലിന്യം കയറ്റുന്ന വാഹനങ്ങൾ ഓടിക്കാൻ മാത്രമാണ് ഡ്രൈവർമാരെ നിയോഗിക്കുക. ഇവരെ മാലിന്യംനീക്കംചെയ്യാൻ നിയോഗിക്കുന്നുവെന്ന രീതിയിലെ പ്രചാരണം അടിസ്ഥാനരഹിതമാണ്. അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ചചെയ്താകും തീരുമാനമെടുക്കുക.

-കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ്