തിരുവനന്തപുരം: കോവിഡ് രണ്ടാംവ്യാപനം കാരണം യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി. ബസുകൾ പിൻവലിക്കുന്നു. എന്നാൽ, രാത്രി കർഫ്യൂ ഉണ്ടെങ്കിലും 60 ശതമാനം ദീർഘദൂര ബസുകൾ ഓടിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. ഒരേ റൂട്ടിലെ ബസുകൾ തമ്മിൽ അരമണിക്കൂർവരെ ഇടവേള ഉണ്ടായിരിക്കും. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പരമാവധി ഓർഡിനറി, ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ ഓടിക്കും. രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ രാത്രി ഏഴുവരെയും രണ്ടു വിഭാഗങ്ങളിലായി ജീവനക്കാരെ ക്രമീകരിക്കും. അറ്റകുറ്റപ്പണിക്ക് വൻതുക മുടക്കേണ്ടിവരുന്ന 900 ബസുകൾ പിൻവലിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, യാത്രക്കാർ നന്നേകുറഞ്ഞതോടെ 2400 ബസുകളാണ് കഴിഞ്ഞ ദിവസം വിവിധ പാർക്കിങ് യാർഡുകളിലേക്ക് മാറ്റിയത്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് ഓടിക്കാനാണ് തീരുമാനം. 2359 ഓർഡിനറികളും 1174 ഫാസ്റ്റുകളും 393 സൂപ്പർഫാസ്റ്റുകളുമാണ് ഇനി നിരത്തിലുള്ളത്. ‌