തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ 67 ബസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ പമ്പുകളിൽനിന്നും പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. ഇതിന് സൗകര്യം ഒരുക്കുന്നതിനുള്ള ധാരണാപത്രത്തിൽ കെ.എസ്.ആർ.ടി.സി. മേധാവി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും ഒപ്പിട്ടു.

ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷതവഹിച്ച ചടങ്ങ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി നടപ്പാകുന്നതോടെ കെ.എസ്.ആർ.ടി.സി. ഓയിൽ വിപണനരംഗത്തേക്കും കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഐ.ഒ.സി. ജനറൽ മാനേജർ ഇൻ ചാർജ് ദീപക് ദാസ്, കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. സാംസൺ മാത്യു, ടി. ഇളങ്കോവൻ, എസ്. അനിൽകുമാർ, യൂണിയൻ പ്രതിനിധികളായ സി.കെ. ഹരികൃഷ്ണൻ, ആർ. ശശിധരൻ, കെ.എൽ. രാജേഷ് എന്നിവർ സംസാരിച്ചു.