കണ്ണൂർ: കോവിഡിനുശേഷം യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ വിപുലീകരിക്കുമെന്ന് ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി. ഉത്തരമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനും കണ്ണൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നാർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള സർവീസ് വിജയമായതുപോലെ വടക്കൻമേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും ഇത്തരം സർവീസുകൾ തുടങ്ങും. ഒരുവർഷത്തിനുള്ളിൽ 6000 ബസുകളും 10 കോടി രൂപ പ്രതിദിന വരുമാനത്തിലൂടെ സ്വയംപര്യാപ്തതയുമാണ് കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യം-അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്റ്റുഡൻറ്സ് ബോണ്ട് സർവീസ് വിപുലീകരിക്കുന്നതും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് ‘ഗ്രാമവണ്ടി’ പദ്ധതി നടപ്പാക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തു. ടിക്കറ്റിതര വരുമാനം കൂട്ടാൻ ഡിപ്പോകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽനിന്ന്‌ വരുമാനമുണ്ടാക്കുന്നതിനുള്ള ആശയങ്ങളും ചർച്ചയായി. ഏറ്റവും നല്ല പ്രവർത്തനത്തിനുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയ കാസർകോട്, പെരിന്തൽമണ്ണ, കാഞ്ഞങ്ങാട് ഡിപ്പോകൾക്ക് മന്ത്രിയും കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകറും ഉപഹാരം നൽകി. വടക്കൻമേഖലാ എക്സിക്യുട്ടീവ് ഡയറക്ടർ കെ.ടി. സെബി സംസാരിച്ചു.