കൊല്ലം : പൊതുഗതാഗതം പൂർവസ്ഥിതിയിലായതോടെ കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ പുനഃക്രമീകരിക്കുന്നു. സമയത്ത് ബസുകൾ കിട്ടാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തൊഴിലാളി യൂണിയനുകളുടെ അഭിപ്രായംകൂടി തേടിയശേഷം സർവീസുകൾ വീണ്ടും തുടങ്ങുന്നത്.

കോവിഡ് കാലത്ത് കോർപ്പറേഷന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ഇപ്പോൾ പ്രതിദിനം മൂന്നുകോടിയിൽ താഴെയാണ് വരുമാനം. വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായി പ്രാദേശിക ആവശ്യങ്ങൾകൂടി കണക്കിലെടുത്താണ് പുതുതായി ബസുകൾ ഓടിക്കുക. പരിമിതമായ തോതിൽമാത്രം കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണിപ്പോൾ. ലോക്ഡൗൺ അവസാനിച്ച് സർക്കാർ-സ്വകാര്യസ്ഥാപനങ്ങൾ പ്രവർത്തിച്ചുതുടങ്ങിയിട്ടും ബസ് സർവീസ് പഴയപടിയായിട്ടില്ല. ഓർഡിനറി സർവീസുകൾ മാത്രമുണ്ടായിരുന്ന ഉൾപ്രദേശങ്ങളിലുള്ളവരും വലയുകയാണ്. രാത്രിയിലും സർവീസുകൾ കുറവാണ്. ചെയിൻ സർവീസുകളെ ആശ്രയിച്ചിരുന്നവരും വലയുകയാണ്. പ്രധാന പാതകളിൽപ്പോലും യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.

യാത്രക്കാരും ഡിപ്പോ അധികൃതരും തമ്മിലുള്ള വാക്കേറ്റവും സംഘർഷവും പലയിടത്തും പതിവാകുന്നു. കോർപ്പറേഷനിൽ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണംമൂലവും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഏറിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിനുമുൻപ്‌ മികച്ച കളക്ഷൻ ഉണ്ടായിരുന്ന ഓർഡിനറി സർവീസുകൾ വീണ്ടും തുടങ്ങാനാണ് ഇപ്പോൾ ആലോചിക്കുന്നത്. രണ്ടുവർഷംമുൻപ്‌ ഓടിച്ചുകൊണ്ടിരുന്ന, വരുമാനമുള്ള സർവീസുകൾ വീണ്ടും ഓടിക്കണമെന്ന് തൊഴിലാളിസംഘടനകൾ കോർപ്പറേഷൻ അധികൃതരെ അറിയിച്ചിരുന്നു. ഈ സർവീസുകൾ അധികംവൈകാതെ ഓടിക്കും. വേണ്ടിവന്നാൽ പുതിയ സമയക്രമം ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് സംഘടനകൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും ഓപ്പറേഷൻസ് വിഭാഗത്തിനെ അറിയിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

content highlights: ksrtc services to be rescheduled