തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽമാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തികസഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം അഭ്യർഥിച്ചിട്ടുണ്ട്. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം.

2500 ബസുകൾമാത്രമാണ് നിരത്തിലുള്ളത്. ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ശമ്പളം നൽകാൻ കഴിയില്ല. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങി. ദീർഘദൂര ബസുകൾക്കായുള്ള പ്രത്യേക കമ്പനി തൊഴിലാളി സംഘടനകളുടെ എതിർപ്പുകാരണം നടപ്പായില്ല. ടിക്കറ്റേതരവരുമാനം കൂട്ടുന്നതിനായി കെട്ടിടങ്ങൾ ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള നീക്കവും വിവാദത്തിൽ കുടുങ്ങി.