കോട്ടയം: കെ.എസ്.ആർ.ടി.സി. ബസിന്റെ റൂട്ടും സമയവും സ്ഥലവും അറിയാൻ ഇനി ഡിപ്പോയിലേക്ക് പോകുകയോ ഫോൺ വിളിക്കുകയോ വേണ്ട. ബസ് സർവീസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ആപ്പിലാക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.
‘പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം’ എന്ന ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് ബസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാനാകും. ബസിന്റെ റൂട്ട്, സ്റ്റോപ്പ്, സമയം തുടങ്ങിയ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുന്ന ആപ്പ് ഫെബ്രുവരിയിൽ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
ഓടിക്കൊണ്ടിരിക്കുന്ന ബസുകൾ ട്രാക്ക് ചെയ്യാനാകും. പ്രാദേശിക റൂട്ടുകളടക്കം വ്യക്തമാക്കുന്ന ‘ആപ്പ്’ തയ്യാറാക്കുന്നതിന് മുന്നോടിയായി ബസുകളിൽ ജി.പി.എസും ഘടിപ്പിക്കും. ഇതുവഴി ബസ് എവിടെ എത്തി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ യാത്രക്കാർക്ക് അറിയാനാകും.
ആപ്പിലൂടെ വിവരങ്ങൾ അറിഞ്ഞശേഷം ബുക്ക് ചെയ്യാനുള്ള ലിങ്കിലേക്കും പോകാനാകും. കേരളത്തിലെ എല്ലാ സ്റ്റോപ്പുകളുടെയും വിവരശേഖരമെടുത്തശേഷമാണ് ആപ്പിന് രൂപം കൊടുക്കുക. ഇതിനോടകം വിവിധ ജില്ലകളിലെ സർവീസുകളുടെ സ്റ്റോപ്പുകളുടെ വിവരശേഖരം നടത്തി.
ഇതിനോടകം വകുപ്പ് എത്തിച്ച ‘എന്റെ കെ.എസ്.ആർ.ടി.സി.’ എന്ന പേരിലുള്ള ആപ്പും സ്വീകാര്യമായിക്കഴിഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുവേണ്ടിയുള്ളതായിരുന്നു ഈ ആപ്പ്. ഹൈദരാബാദ് കേന്ദ്രമായുള്ള ‘അഭി ബസ്’ എന്ന കമ്പനിയാണ് ഈ ഓൺലൈൻ റിസർവേഷൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇ- ലോഗിൻ ചെയ്തും അല്ലാതെയും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. ഇതുകൂടാതെ പി.എൻ.ആർ. എൻക്വയറി, ടിക്കറ്റ് കാൻസലേഷൻ എന്നീ സൗകര്യങ്ങളുമുണ്ട്.