കൊച്ചി: ദീർഘദൂര സർവീസുകളിലെ യാത്രക്കാർക്ക് വിശ്രമവും ഭക്ഷണവും ഒരുക്കാൻ കെ.എസ്.ആർ.ടി.സി. ഹോട്ടലുകളുമായി കൈകോർക്കുന്നു. ഭക്ഷണത്തിനും പ്രാഥമിക സൗകര്യങ്ങൾക്കുമായി ’കെ.എസ്.ആർ.ടി.സി. റിഫ്രഷ്’ എന്ന പേരിലാണ് പദ്ധതി തുടങ്ങുന്നത്. ദീർഘദൂര ബസുകൾ ’ബൈപ്പാസ് റൈഡർ’ എന്ന പേരിൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ബൈപ്പാസുകളിലെ ഹോട്ടലുകളിലാണ് ആദ്യം റിഫ്രഷ് സൗകര്യം ഒരുക്കുന്നത്. ഇതിനായി ഹോട്ടലുടമകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചുതുടങ്ങി.

നിലവിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പരിചയത്തിലുള്ള ഏതെങ്കിലും ഒരു ഹോട്ടലിൽ നിർത്തി ഭക്ഷണം കഴിക്കുന്നതാണ് പതിവ്. പ്രാഥമിക ആവശ്യങ്ങൾക്ക് ഇതേ ഹോട്ടലുകളെയോ പെട്രോൾ പമ്പുകളെയോ ആണ് ആശ്രയിക്കുന്നത്. ചിലയിടങ്ങളിൽ പ്രാഥമികാവശ്യങ്ങൾക്ക് പണവും നൽകേണ്ടിവരാറുണ്ട്.

റിഫ്രഷ് കേന്ദ്രങ്ങൾ ഒരുക്കുന്നതോടെ യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകാനാകുമെന്നാണ് പ്രതീക്ഷ. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സമയവും ലാഭിക്കാം. ഓഗസ്റ്റ് രണ്ട് വരെയാണ് ഹോട്ടലുടമകളിൽ നിന്ന് താത്പര്യപത്രം സ്വീകരിക്കുന്നത്. വൈകാതെ പദ്ധതി തുടങ്ങും.