കൊച്ചി: പൂർണ തോതിൽ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. പരമാവധി സർവീസുകൾ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്.

പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാൽ മതിയെന്നുള്ള നിർദേശവും മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്.

ജീവനക്കാരുടേതല്ലാത്ത കാരണത്താൽ ഡ്യൂട്ടി മുടങ്ങിയാൽ മാത്രം ഇനി സ്റ്റാൻഡ് ബൈ നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത്തരത്തിൽ സ്റ്റാൻഡ്‌ ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാർക്ക് കറങ്ങി നടക്കാനാകില്ല. ഇവർ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.

മുമ്പ് അയ്യായിരത്തിനു മുകളിൽ കെ.എസ്.ആർ.ടി.സി. ബസുകളാണ് സർവീസ് നടത്തിയിരുന്നത്.

കോവിഡ് കാലത്ത് സർവീസ് കാര്യമായി കുറഞ്ഞു. ടിക്കറ്റിതര വരുമാനം കൂട്ടാൻ ചില വഴികളും കണ്ടെത്തിയെങ്കിലും സർക്കാരിന്റെ സഹായത്തോടെയാണ് കെ.എസ്.ആർ.ടി.സി. പിടിച്ചു നിന്നത്.

6204 ബസുകളാണ് കെ.എസ്.ആർ.ടി.സി.ക്ക്‌ ആകെയുള്ളത്. ഈ വർഷം ആദ്യം 4425 ബസുകൾ സർവീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മാസങ്ങളിലും മികച്ച വരുമാനം ലഭിച്ചു. എന്നാൽ വീണ്ടും കോവിഡും ലോക്ഡൗണുമെല്ലാം എത്തിയതോടെ കോർപ്പറേഷൻ കിതച്ചു.

ഇതോടെ സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു.

കഴിഞ്ഞ മാസം വരെ മൂവായിരം ബസുകൾ മാത്രമേ സർവ്വീസ് നടത്താൻ കഴിഞ്ഞുള്ളൂ.

കോവിഡിന് മുൻപുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോർപ്പറേഷന്റെ ഇടപെടൽ.