തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉത്‌പന്നങ്ങൾ നൽകാനും അതുവഴി വരുമാനം വർധിപ്പിക്കാനുമായി കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തുടനീളം പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്കൊപ്പം പെട്രോൾ യൂണിറ്റുകൂടി ചേർത്താണ് തുടങ്ങുക. ഡീലർ കമ്മിഷനും സ്ഥലവാടകയും ഉൾപ്പെടെ ഉയർന്ന വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇത് കെ.എസ്.ആർ.ടി.സി.യെ പ്രതിസന്ധിയിൽനിന്ന് കരകയറാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിൽ നൂറുദിവസത്തിനകം പമ്പുകൾ തുടങ്ങും. മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും. കെ.എസ്.ആർ.ടി.സി.ക്ക് ഇതിനായി സാമ്പത്തിക ബാധ്യതയില്ലെന്നും മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.