തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ സ്ഥലംമാറ്റ ഉത്തരവ് സി.എം.ഡി. ബിജു പ്രഭാകർ ഒപ്പിടുന്നതിനുമുമ്പേ വാട്‌സാപ്പ് ഗ്രൂപ്പുകളിലെത്തി. ചീഫ് ഓഫീസിലെ കംപ്യൂട്ടറിൽനിന്നാണ് രേഖ ചോർന്നത്. സ്ഥലം മാറ്റുന്നവരുടെയും ഒഴിവാക്കിയവരുടെയും വിശദമായ വിവരങ്ങൾ അടങ്ങിയ ഫയലാണ് ചോർന്നത്. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചു.

ഹൈക്കോടതി വിധിയെത്തുടർന്ന് ഡ്രൈവർമാരുടെ സ്ഥലംമാറ്റപ്പട്ടിക പരിഷ്കരിച്ചിരുന്നു. ഇതിന്റെ അന്തിമപട്ടികയാണ് പുറത്തായത്.

ഇടതുപക്ഷ തൊഴിലാളി സംഘടനയിൽപ്പെട്ടവരാണ് രേഖ ചോർത്തിയതിനു പിന്നിലെന്ന് ആരോപണമുണ്ട്. തീരുമാനങ്ങൾ രേഖയാകുന്നതിനു മുമ്പേ സംഘടനാനേതാക്കൾക്ക് ലഭിക്കാറുണ്ട്.