തിരുവനന്തപുരം: ജീവനക്കാരുടെ യൂണിഫോമിൽ പരസ്യം, സ്പെയർപാർട്സ് വിൽപ്പന, ഇന്ധനക്കച്ചവടം, റീട്ടെയിൽ മാർട്ടുകൾ തുടങ്ങി വരുമാനമുണ്ടാക്കാൻ പലവഴി തേടുകയാണ് കെ.എസ്.ആർ.ടി.സി. പെൻഷൻ നൽകാൻ 60 കോടി രൂപ സർക്കാർ നൽകിയിട്ടും മാസവരവും ചെലവും തമ്മിൽ 45-60 കോടി രൂപയുടെ അന്തരമാണുള്ളത്. ഇതു മറികടക്കാൻ ചെലവ് ചുരുക്കൽ മുതൽ സ്വകാര്യപങ്കാളിത്തത്തോടെയുള്ള വാണിജ്യസമുച്ചയങ്ങൾ വരെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മാസം 42.5 കോടി രൂപ അധികവരുമാനം കണ്ടെത്താനുള്ള പദ്ധതി മാനേജ്‌മെന്റ് സർക്കാരിന് സമർപ്പിച്ചു.

നിലവിലെ ബസുകൾ സി.എൻ.ജി., എൽ.എൻ.ജിയിലേക്ക് മാറ്റുമ്പോൾ ഇന്ധനച്ചെലവിൽ 17.37 കോടി രൂപ മാസം ലാഭിക്കാമെന്നാണ് പ്രതീക്ഷ. നിലവിലെ ഷോപ്പിങ് കോംപ്ലക്സുകൾ സജ്ജമാകുമ്പോൾ അഞ്ചുകോടി രൂപയും പ്രതീക്ഷിക്കുന്നു. സ്പെയർപാർട്‌സ് ചില്ലറ വിൽപ്പനയാണ് കൈവെക്കുന്ന മറ്റൊരു മേഖല. മറ്റു വാഹനങ്ങളുടെ സ്പെയർപാർട്ടുകൾകൂടി വിറ്റാൽ ലാഭകരമാകുമെന്നാണ് നിഗമനം. ഇതിനായി സ്റ്റോർവിഭാഗം അടിമുടി മാറ്റും.

70 പമ്പുകൾ തുടങ്ങാനും ധാരണയായി. 3.15 കോടി രൂപയാണ് മാസവാടക. കൊറിയർ സർവീസിലൂടെ മാസം ഒരുകോടി രൂപയും ലക്ഷ്യമിടുന്നു. നിലവിലെ വർക്‌ഷോപ്പുകൾ ക്രമീകരിച്ചാൽ മാത്രം ആറുകോടി രൂപ കിട്ടുമെന്നാണ് പ്രതീക്ഷ. മറ്റുവാഹനങ്ങളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കുന്നതിലൂടെ 28 ലക്ഷം രൂപയും കിട്ടും. ശമ്പളവിതരണം സ്പാർക്കിലേക്ക് മാറ്റുന്പോൾ 2.28 കോടി രൂപയും ലഭിക്കും.

റീട്ടെയിൽ മാർട്ടിലും കൈവെക്കുന്നുണ്ട്. ഇതിനായി ഉപയോഗശൂന്യമായ 150 ബസുകൾ വാടകയ്ക്ക് നൽകും. ഒരു ബസിൽ നിന്നും 20,000 രൂപ വാടകയാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വ്യാപിപ്പിക്കും. ജീവനക്കാർക്ക് താത്കാലിക സഹായനിധി രൂപവത്കരിക്കാനും നിർദേശമുണ്ട്. ഇതിനായി 100-200 രൂപ വീതം ജീവനക്കാരിൽ നിന്നും ഈടാക്കും. അടിയന്തര ചികിത്സാ ചെലവുകൾക്ക് ഈ ഫണ്ടിൽനിന്ന് തുക അനുവദിക്കും. സി.എം.ഡിയുടെ നേതൃത്വത്തിൽ അംഗീകൃത യൂണിയൻ ഭാരവാഹികൾ അംഗങ്ങളായ ട്രസ്റ്റിനായിരിക്കും ഭരണച്ചുമതല.