ആലപ്പുഴ: യാത്രക്കാരുടെ എണ്ണം കൂടിയിട്ടും കോവിഡിനെ തുടർന്ന് ഉയർത്തിയ ടിക്കറ്റുനിരക്ക് പിൻവലിക്കാതെ കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ വർധനയ്ക്കനുസരിച്ചു കൂടുതൽ ബസുകൾ സർവീസിനിറക്കുന്നുമില്ല. ഇതുകാരണം തിരക്കേറിയ സമയങ്ങളിൽ ബസ് സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും വലിയ തിരക്കാണനുഭവപ്പെടുന്നത്.

ആദ്യ ലോക്ഡ‍ൗണിനുശേഷം കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിച്ചപ്പോൾ വലിയ നഷ്ടത്തിലായിരുന്നു സർവീസ് നടത്തിയിരുന്നത്. അപ്പോഴാണ് നഷ്ടം നികത്താൻവേണ്ടി നിരക്കുകൂട്ടിയത്.

ഇപ്പോൾ യാത്രക്കാർ വീണ്ടും കെ.എസ്.ആർ.ടി.സി.യെ ആശ്രയിച്ചുതുടങ്ങി. യാത്രക്കാരെ ആകർഷിക്കാനായി ആഴ്ചയിൽ മൂന്നുദിവസം സൂപ്പർ വിഭാഗത്തിൽവരുന്ന സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ് സൂപ്പർ ബസുകളിൽ നിരക്ക് പഴയ നിലയിലാക്കിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണിത്. എന്നാൽ, ഫാസ്റ്റ് പാസഞ്ചർ മുതൽ താഴോട്ടുള്ള ബസുകളിൽ പഴയനിരക്ക് പുനഃസ്ഥാപിച്ചില്ല. ഇതുകാരണം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൂപ്പർ ബസുകളേക്കാൾ കൂടിയ നിരക്കീടാക്കുന്ന സ്ഥിതിയുണ്ടായി. നിരക്കിലെ ഈ വ്യത്യാസം യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമാകുന്നുണ്ട്. നിരക്കുകുറവു പ്രതീക്ഷിച്ച് ഫാസ്റ്റ് പാസഞ്ചറിൽ കയറുന്ന യാത്രക്കാരന് കൂടുതൽ നിരക്കു നൽകേണ്ടിവരുന്നു. കോവിഡ് മാനദണ്ഡപ്രകാരം യാത്രക്കാരെ ഇപ്പോൾ ബസുകൾ നിർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. ആവശ്യത്തിനു ബസുകൾകൂടി ഓടിക്കാത്തതിനാൽ പൊതുഗതാഗതം ക്ലേശകരമാകുകയാണ്.