കൊല്ലം : സ്കാനിയ അടക്കമുള്ള സ്വന്തം ബസുകൾ പാർക്കിങ് സ്റ്റേഷനുകളിൽ കിടന്ന് നശിക്കുമ്പോൾ കെ.എസ്.ആർ.ടി.സി. വാടകവണ്ടികൾക്ക് ദർഘാസ് ക്ഷണിച്ചു. സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിനും പുതുതായി ആരംഭിക്കുന്ന ഗ്രാമവണ്ടികൾക്കുമായി ഡ്രൈ ലീസ് (ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ) വ്യവസ്ഥയിലാണ് 250 ബസുകൾ വാടകയ്ക്കെടുക്കുന്നത്.

സ്കാനിയ, സൂപ്പർ ഡീലക്സ്, എക്സ്പ്രസ്, വോൾവോ വിഭാഗങ്ങളിലുള്ള 140-ഓളം ബസുകൾ കെ.എസ്.ആർ.ടി.സി. വിവിധയിടങ്ങളിലായി കയറ്റിയിട്ടിരിക്കുകയാണിപ്പോൾ. ഇരുനൂറോളം എ.സി. ലോഫ്ലോർ ബസുകളും സ്ഥിരമായി ഓടിക്കുന്നില്ല. ബസുകൾ ഓടിക്കാതെ ആക്രിയാക്കുന്നതിനെതിരേ പ്രതിഷേധം ഉയർന്നപ്പോൾ, അന്തസ്സംസ്ഥാന സർവീസുകൾക്ക് ഉപയോഗിച്ചിരുന്ന സൂപ്പർക്ലാസ്സ് ബസുകൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ സംസ്ഥാനത്തിനകത്ത് ഓടിക്കുന്നുണ്ട്.

പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി. ബസുകൾ (10 എണ്ണം), എ.സി. സെമി സ്ലീപ്പർ ബസ് (20), നോൺ എ.സി. എയർ സസ്പെൻഷൻ ബസ് (20), നോൺ എ.സി. മിഡി ബസ് (ഫ്രണ്ട്‌ എൻജിൻ-100), നോൺ എ.സി. മിഡി ബസ് (100) എന്നിങ്ങനെയാണ് ദർഘാസ് ക്ഷണിച്ചിരിക്കുന്നത്. ദർഘാസിൽ പങ്കെടുക്കുന്ന ഒരാൾ കുറഞ്ഞത് 10 ബസുകളെങ്കിലും നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. അന്തസ്സംസ്ഥാന സർവീസുകൾ നടത്തിയിരുന്ന ചില വൻകിട ബസുടമകളെ സഹായിക്കാനാണ് ഈ നീക്കമെന്ന് ആരോപണമുയർന്നു.

ആദ്യഘട്ടത്തിൽ ദീർഘദൂര സർവീസുകൾക്കാണ് മുൻഗണന. സിറ്റിയിൽ ഫീഡർ സർവീസായും ഇത്തരത്തിൽ ബസുകൾ ഉപയോഗിക്കും. ബസിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ് എന്നിവ വഹിക്കേണ്ടതും ടയർ മാറ്റേണ്ടതും ഉടമകളാണ്. കെ.എസ്.ആർ.ടി.സി. നിർദേശിക്കുന്ന നിറവും ഡിസൈനുമുള്ള പെയിന്റടിച്ച് നൽകണം. കുറഞ്ഞത് മൂന്നുവർഷത്തേക്കാണ് കരാർ.

ബസും ഡ്രൈവറുമടക്കം നേരത്തേതന്നെ കെ.എസ്.ആർ.ടി.സി. വാടകയ്ക്കെടുത്ത് ഓടിക്കുന്നുണ്ട്. കിലോമീറ്ററിന് 23.60 രൂപയാണ് വാടക. കണ്ടക്ടറെയും ഇന്ധനച്ചെലവും കെ.എസ്.ആർ.ടി.സി.യാണ് വഹിക്കുന്നത്. നഷ്ടമായിട്ടും കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ സർവീസ് നിർത്താൻ കഴിയില്ല. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് നടത്തുന്ന സർവീസിന് ഡീസൽ ചെലവുപോലും കളക്‌ഷൻ ഇനത്തിൽ കിട്ടാത്ത സ്ഥിതിയുണ്ട്. വാടകകൂടി നൽകുമ്പോൾ കെ.എസ്.ആർ.ടി.സി.ക്ക് വാടക സർവീസ് വലിയ ബാധ്യതയാണിപ്പോൾ.