• വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം
  • പഞ്ചായത്തുകള്‍ക്കുള്ള സ്കീം ഒരാഴ്ചയ്ക്കുള്ളില്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ സ്വന്തം പേരുപതിക്കാന്‍ അവസരം. ഇതിനായി ഗ്രാമവണ്ടി സ്പോണ്‍സര്‍ ചെയ്താല്‍മതി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതിൽ പങ്കാളികളാകാം. ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകളുണ്ടാക്കുന്ന നഷ്ടം നികത്താന്‍ ആവിഷ്കരിച്ച ഗ്രാമവണ്ടി പദ്ധതിയിലാണ് സ്വകാര്യപങ്കാളിത്തം തേടുന്നത്.

പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇതിന് രൂപവത്കരിച്ച ഉന്നതലസമതി ഒരാഴ്ചയ്ക്കുള്ളില്‍ പദ്ധകൾക്ക് അന്തിമരൂപം നല്‍കും. പഞ്ചായത്തുകള്‍ക്കുള്ള പദ്ധതിവിഹിതത്തില്‍ ഇതിനായി സര്‍ക്കാര്‍ പ്രത്യേക തുക അനുവദിക്കും. ഏപ്രില്‍മുതല്‍ ബസുകള്‍ നിരത്തിലിറങ്ങും.

കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ബസുകളുടെ ചെലവ് വഹിക്കാന്‍ കഴിയുന്ന പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്. ഗ്രാമവണ്ടികള്‍ അവശ്യമുള്ളവര്‍ നിശ്ചിതതുക കെട്ടിവെച്ച് കെ.എസ്.ആര്‍.ടി.സി.യുമായി കരാറുണ്ടാക്കണം. റൂട്ടും സമയവും നിശ്ചയിക്കാനുള്ള അവകാശം സ്പോണ്‍സര്‍ക്കുണ്ടാകും. എം.എല്‍.എ.മാര്‍ ശുപാര്‍ശ ചെയ്യുന്നവയ്ക്കാകും പ്രഥമ പരിഗണന. ഒാരോമാസത്തെയും ഇന്ധനച്ചെലവ് കണക്കാക്കി തുക അടയ്ക്കണം. പതിവ് ടിക്കറ്റ് നിരക്കാകും ഈടാക്കുക. കുറഞ്ഞത് 150 കിലോമീറ്ററെങ്കിലും ദിവസം ഓടുന്ന വിധമായിരിക്കും ഓട്ടം ക്രമീകരിക്കുക. ഒന്നിലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ചേര്‍ന്നും ഗ്രാമവണ്ടി പദ്ധതിയില്‍ പങ്കാളികളാകാം.

ഉള്‍പ്രദേശങ്ങളിലേക്കുള്ള ലാഭകരമല്ലാത്ത സര്‍വീസുകള്‍ മുഴുവന്‍ ഗ്രാമവണ്ടികളാക്കാനാണ് തീരുമാനം. 18, 24, 28, 32 സീറ്റുകളുള്ള ബസുകളാണ് ഗ്രാമവണ്ടിക്കായി പരിഗണിക്കുന്നത്.