കൊല്ലം : യാത്രാവേളകളിൽ സുരക്ഷിതമായി താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. സൗകര്യമൊരുക്കുന്നു. ബസ് ഡിപ്പോകളോടുചേർന്ന് സ്ഥലമുള്ളിടത്തെല്ലാം കുറഞ്ഞചെലവിൽ താമസസൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ ബസ് യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാൽ ദീർഘദൂരയാത്രക്കാരിൽ സ്ത്രീകളുടെ എണ്ണം കുറവാണ്. താമസിക്കാൻ സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലം കിട്ടാത്തതിനാൽ സ്ത്രീകൾ രാത്രിയാത്ര ഒഴിവാക്കുന്ന സാഹചര്യവുമുണ്ട്. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും രാത്രി എത്തുന്ന സ്ത്രീകൾ താമസസ്ഥലംതേടി അലയേണ്ടിവരുന്നു. ഇതിനു പരിഹാരംകാണാനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുമാണ് ‘സേഫ് സ്റ്റേ’ പദ്ധതിക്ക് കോർപ്പറേഷൻ രൂപംകൊടുത്തിട്ടുള്ളത്.

44 ഡിപ്പോകളോടുചേർന്ന് ഉടൻതന്നെ താമസസൗകര്യമൊരുക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി. വിലയിരുത്തിയിട്ടുള്ളത്. സേഫ് സ്റ്റേ നടത്തിപ്പിന് തിരഞ്ഞെടുക്കുന്ന ഏജൻസികൾവഴി വനിതകളെ ജീവനക്കാരായി നിയോഗിക്കും. 24 മണിക്കൂറും സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കും. ഏജൻസികൾ വഴിയുള്ള നടത്തിപ്പ് ലാഭകരമല്ലെന്നുകണ്ടാൽ കോർപ്പറേഷൻ നേരിട്ടോ വനിതാ ശിശുവികസനവകുപ്പിന്റെ സഹകരണത്തോടെയോ പദ്ധതി നടപ്പാക്കും.

തിരുവനന്തപുരത്ത് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ 4700 ചതുരശ്രയടിസ്ഥലത്ത് സിംഗിൾ, ഡബിൾ, എ.സി., നോൺ എ.സി.മുറികളാണ് തയ്യാറാക്കുന്നത്. ഡോർമിറ്ററി ഒരുദിവസത്തേക്ക് ഉപയോഗിക്കുന്നതിന് 150 രൂപയാണ് വാടക. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് ലഗേജ് സൂക്ഷിക്കാൻ ലോക്കർ സൗകര്യവുമുണ്ടാകും. വാഹനങ്ങൾ നിർത്തിയിടാനും സ്ഥലം അനുവദിക്കും. ഡിപ്പോകളിൽനിന്ന് ബസുകൾ പുറപ്പെടുന്ന സമയത്ത് മുറികളിൽ കഴിയുന്ന സ്ത്രീകളെ വിവരമറിയിക്കും.

കോഴിക്കോട്ട് വൈകാതെ മുറികൾ സജ്ജമാക്കും. എറണാകുളത്ത് പുതിയ കെട്ടിടനിർമാണം പൂർത്തിയായാലേ പദ്ധതി തുടങ്ങാനാകൂ. താമസസ്ഥലവും സുരക്ഷിതത്വവും ഉറപ്പാകാത്തതിനാൽ സ്ത്രീകൾ യാത്ര മാറ്റിവയ്ക്കുന്ന അവസ്ഥയ്ക്ക് പദ്ധതിവഴി പരിഹാരം കാണാനാകുമെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു.

സ്ത്രീസൗഹൃദ ഡിപ്പോകൾ ഉറപ്പാക്കും

സേഫ് സ്റ്റേ, കെ.എസ്.ആർ.ടി.സി.ബസ് ടെർമിനലുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കും. സുരക്ഷയും ഉറപ്പാക്കും-ആന്റണി രാജു, ഗതാഗതമന്ത്രി