എടപ്പാൾ: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ജൂൺ 30-ന് പുതുക്കിയ ശമ്പളം കൈയിൽ കിട്ടുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും പ്രാവർത്തികമായില്ല. പത്തുവർഷമായി ശമ്പള പരിഷ്‌കരണത്തിനായി കാത്തിരിക്കുന്ന ജീവനക്കാർക്കിപ്പോഴും ലഭിക്കുന്നത് തുച്ഛമായ ശമ്പളം. അതേസമയം സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും പത്തുവർഷത്തിനിടയിൽ രണ്ടുതവണ ശമ്പള പരിഷ്‌കരണം നടന്നുകഴിഞ്ഞു.

11-ാം ശമ്പള കമ്മിഷൻ ശുപാർശപ്രകാരം സർക്കാരിലെ ഏറ്റവുംകുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. എന്നാൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന കെ.എസ്.ആർ.ടി.സി.ക്കാർക്ക് ലഭിക്കുന്നത് 8730 രൂപയാണ്. പത്തുവർഷമായി പരിഷ്‌കരണം നടക്കാത്തതിനാൽ ശമ്പളം, ഡി.എ. എന്നീ ഇനങ്ങളിൽ ഒരു ജീവനക്കാരന് ഏഴു ലക്ഷത്തിലധികം രൂപ നഷ്ടമായതായി സംഘടനാഭാരവാഹികൾ പറയുന്നു.

എൻ.ഡി.ആർ, എൻ.പി.എസ്., എൽ.ഐ.സി. എന്നിവക്കായി ജീവനക്കാരിൽനിന്ന് ഈടാക്കിയ തുക പോലും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കൃത്യമായി അടച്ചിട്ടില്ലെന്നും സംഘടനാ നേതാക്കൾ പറയുന്നു.

2016 ഫെബ്രുവരി 28-ന് യു.ഡി.എഫ്. ഭരണകാലത്താണ് കെ.എസ്.ആർ.ടി.സി. ശമ്പളക്കരാർ അവസാനിച്ചത്. പിന്നീട് പത്താം ശമ്പളപരിഷ്‌കരണ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അത് പരിഷ്‌കരിക്കേണ്ടതായിരുന്നെങ്കിലും നടന്നില്ല.

ശമ്പള പരിഷ്‌കരണത്തിന് കെ.എസ്.ആർ.ടി.സി.യെ വെട്ടിമുറിച്ച് കെ. സ്വിഫ്റ്റ് എന്ന കമ്പനിയാക്കണമെന്ന നിലപാടാണ് ഇപ്പോൾ സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ സ്വകാര്യ കുത്തകക്കാർക്ക് കോർപ്പറേഷനെ അടിയറവെക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ.

കഴിഞ്ഞ നവംബർ മുതൽ ജീവനക്കാർക്ക് 1500 രൂപയും പെൻഷൻകാർക്ക് 500 രൂപയും ഇടക്കാലാശ്വാസം നൽകുന്നത് മാത്രമാണ് സർക്കാരിൽനിന്നുണ്ടായ ഏക നടപടിയെന്നാണ് സംഘടനകൾ പറയുന്നത്.

സംസ്ഥാന വ്യാപക പ്രതിഷേധമാരംഭിച്ചു

കെ. സ്വിഫ്റ്റ് നടപ്പാക്കാനുള്ള നീക്കമുപേക്ഷിക്കണമെന്നും ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി. എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം ആരംഭിച്ചിട്ടുണ്ട്. സർക്കാർ വാക്കുപാലിക്കുംവരെ സമരം തുടരുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി കെ.എൽ. രാജേഷ് പറഞ്ഞു.