കോന്നി(പത്തനംതിട്ട): കെ.എസ്.ആർ.ടി.സി.യുടെ യാത്രാ ഫ്യൂവൽപമ്പുകളിൽനിന്ന് പൊതുജനങ്ങൾക്കും ഡീസൽ വിൽക്കും. പൊതുജനങ്ങൾക്ക് പെട്രോളും ഡീസലും വിൽക്കാൻ എട്ട് പമ്പുകളാണ് സംസ്ഥാനത്ത് തുടങ്ങിയിട്ടുള്ളത്. 75 എണ്ണം ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ പമ്പ് ഒഴിച്ച് ബാക്കി എല്ലായിടത്തും പെട്രോൾ മാത്രമേ ഇപ്പോൾ വിൽക്കുന്നുള്ളൂ. കിളിമാനൂർ, ചടയമംഗലം, മൂവാറ്റുപുഴ, ചാലക്കുടി, ചേർത്തല, കോഴിക്കോട്, മൂന്നാർ എന്നിവിടങ്ങളിലാണ് മറ്റ് യാത്രാ ഫ്യൂവൽ പമ്പുകളുള്ളത്. കെ.എസ്.ആർ.ടി.സി. ഡിപ്പോകളോടുചേർന്നാണിത്. രാവിലെ ആറുമണിമുതൽ രാത്രി 10വരെയാണ് പ്രവർത്തനം.

മൂവാറ്റുപുഴ പമ്പിൽ ഡീസൽ ടാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മറ്റിടങ്ങളിലും ഡീസൽ ടാങ്കുകൾ അടുത്തുതന്നെ സ്ഥാപിക്കും. തിരുവനന്തപുരം നഗരത്തിലെ പമ്പിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാൻ ആലോചനയുണ്ട്.

മൂന്നാറിൽ തുടങ്ങിയ പമ്പിൽ റെക്കോഡ് വരുമാനമാണ്. രണ്ടരലക്ഷം രൂപയാണ് ഒരു ദിവസത്തെ ശരാശരി വരുമാനം. ഇന്ത്യൻ ഒായിൽ കോർപ്പറേഷനാണ് കൂടുതൽ പമ്പുകളിലേക്കും ഇന്ധനം എത്തിക്കുന്നത്. ബി.പി.സി.എൽ., എച്ച്.പി.സി.എൽ. എന്നിവയുടെ പമ്പുകളും മറ്റ് ഡിപ്പോകളിൽ സ്ഥാപിക്കാൻ കരാറായി. കെ.എസ്.ആർ.ടി.സിക്ക് ബസ് സർവീസിനുപുറമേ വരുമാനം കണ്ടെത്താനാണ് ഇത്തരത്തിൽ ഫ്യൂവൽ പമ്പുകൾ തുടങ്ങുന്നത്.