ഇരിട്ടി: സ്ത്രീകളുടെ സീറ്റിൽനിന്ന്‌ മാറിയിരിക്കാൻ പറഞ്ഞതിന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് യാത്രക്കാരന്റെ മർദനം. പരിക്കേറ്റ കണ്ടക്ടർക്ക് ജോലി തുടരാൻ കഴിയാതെ വന്നതോടെ പാലാ -കുടിയാന്മല കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസിന്റെ സർവീസ് പാതിവഴിയിൽ മുടങ്ങി. ബസ് കണ്ടക്ടർ കോട്ടയം കുറുവിലങ്ങാട് വയലാ സ്വദേശി ലിജിൻ ജെ.മാത്യുവി(30)നാണ് മർദനമേറ്റത്. കണ്ടക്ടറുടെ പരാതിയിൽ ബസ് യാത്രക്കാരനായ ഇരിട്ടി എടത്തൊട്ടി സ്വദേശിയെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷനുപുറത്ത് ഇരുവിഭാഗവും തമ്മിൽ നടത്തിയ ചർച്ചയിൽ ട്രിപ്പ് മുടങ്ങിയതിനും മറ്റുമായി 50,000 രൂപ നഷ്ടം ഈടാക്കി പ്രശ്നം ഒത്തുതീർത്തു. ബസിന്റെ ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാരാണ് പെരുവഴിയിലായത്.

പ്രശ്നം ഒത്തുതീരുംമുമ്പ് കണ്ടക്ടർ ലിജിൻ മാത്യു ഇരിട്ടി പോലീസിൽ നൽകിയ മൊഴി ഇങ്ങനെ: വെള്ളിയാഴ്ച വൈകുന്നേരം ആറിന് പാലായിൽനിന്ന്‌ പുറപ്പെട്ട ബസിൽ മൂവാറ്റുപുഴയിൽനിന്നാണ് എടത്തൊട്ടി സ്വദേശി കയറിയത്. ആദ്യം ജനറൽ സീറ്റിലിരുന്ന ഇയാൾ പിന്നീട് സ്ത്രീകൾക്കായുള്ള സീറ്റിലേക്ക് മാറിയിരുന്നു. ബസ് പെരുമ്പാവൂരിലെത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം കയറി. സ്ത്രീകളുടെ സീറ്റിൽനിന്ന്‌ മാറിയിരിക്കാനാവശ്യപ്പെട്ടപ്പോൾ തർക്കമായി. വാക്കേറ്റമായതോടെ മറ്റ് യാത്രക്കാരും ഇടപെട്ട് ഇയാളെ ജനറൽ സീറ്റിലേക്ക് മാറ്റി. ഇതേച്ചൊല്ലിയുള്ള തർക്കം പിന്നെയും തുടർന്നു. കാലടിയിലെത്തിയപ്പോൾ പ്രശ്നം അവിടെയുണ്ടായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.

പോലീസെത്തി എടത്തൊട്ടി സ്വദേശിയെ താക്കീത് ചെയ്യുകയും വാക്കേറ്റം തുടർന്നാൽ അടുത്ത പോലീസ് സ്റ്റേഷനിൽ ഇറക്കിവിടുമെന്ന് മുന്നറിയിപ്പ് നൽകുകയും െചയ്തു. ഇതോടെ പ്രശ്നം തണുത്തെങ്കിലും ബസ് ശനിയാഴ്ച പുലർച്ചെ ഉളിയിൽ ടൗണിലെത്തിയപ്പോൾ പിറകിലിരുന്ന എടത്തൊട്ടി സ്വദേശി മുന്നിൽ ഇരിക്കുകയായിരുന്ന കണ്ടക്ടറുടെ അടുത്തെത്തി അസഭ്യം പറഞ്ഞു. തുടർന്ന് മർദിച്ചു. മുഖത്ത് അടിയേറ്റ കണ്ടക്ടറുടെ കവിൾ മുറിഞ്ഞു. ഇതോടെ മറ്റ് യാത്രക്കാർ ഇടപെട്ട് ബസ് ഇരിട്ടി ബസ്‌സ്റ്റാൻഡിൽ നിർത്താതെ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് എടത്തൊട്ടി സ്വദേശിയെ പോലീസിന് മുന്നിൽ ഹാജരാക്കി. ഇരിട്ടിയിൽനിന്ന്‌ കുടിയാൻമലയിലേക്കുള്ള ബസിന്റെ തുടർയാത്രയും മുടങ്ങി. കണ്ടക്ടർ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സതേടി.

പിന്നീടാണ് ‘ഒത്തുതീർപ്പ് ചർച്ച’ അരങ്ങേറിയത്. കണ്ടക്ടറെ മർദിച്ചയാൾ കെ.എസ്.ആർ.ടി.സി.യിലെ ഒരു ജീവനക്കാരന്റെ ബന്ധു കൂടിയായിരുന്നു. കേസില്ലാതെ പ്രശ്നം ഒത്തുതീർപ്പാക്കാൻ സമ്മർദം മുറുകിയതോടെ പോലീസ് പിൻവാങ്ങി. കെ.എസ്.ആർ.ടി.സി. എറണാകുളം സോണൽ ഓഫീസറുടെ നിർദേശപ്രകാരം 50,000 രൂപ നഷ്ടപരിഹാരം വാങ്ങി പ്രശ്നം ഒത്തുതീർക്കുകയായിരുന്നുവെന്ന് ഇക്കാര്യത്തിൽ ഇടപെട്ട കെ.എസ്.ആർ.ടി.സി.യിലെ ഇൻസ്പെക്ടർ ‘മാതൃഭൂമി’യോട് പറഞ്ഞു.