മലപ്പുറം: കളക്ഷനില്‍ തിരിമറികാണിച്ച് ലക്ഷങ്ങള്‍ തട്ടിയ കെ.എസ്.ആര്‍.ടി.സി മുന്‍കണ്ടക്ടറെ മലപ്പുറം പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തു. കോട്ടയം മറ്റംകര കരിമ്പനി കിഴക്കേമുറിയില്‍ രാജേഷ് (29) ആണ് അറസ്റ്റിലായത്. 2013-14 കാലഘട്ടത്തില്‍ മലപ്പുറം ഡിപ്പോയിലാണ് സംഭവം.

2015-ല്‍ മലപ്പുറം പോലീസ്സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍പോയ രാജേഷിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കേസ് രജിസ്റ്റര്‍ചെയ്ത ഉടനെ ഇയാള്‍ മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജ്യാമാപേക്ഷ കോടതി തള്ളി. അതോടെ ഒളിവില്‍ പോവുകയും ചെയ്തു.

രണ്ടുവര്‍ഷത്തോളമായി എറണാകുളം, കോട്ടയം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിക്കുന്നതിനിടെ എറണാകുളത്തു നിന്നാണ് പിടിയിലായത്.

കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലെയും കളക്ഷന്‍ പണം മുഴുവനായും ഓഫീസിലടക്കാതെ അപഹരിക്കുകയും സര്‍ക്കാരിനോട് പൊതുസേവകനെന്ന നിലയില്‍ വിശ്വാസവഞ്ചന കാണിക്കുകയും ചെയ്തുവെന്നാണ് കേസ്. മലപ്പുറം എസ്.ഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാക്കിര്‍, മന്‍സൂറലി മാര്യാട് എന്നിവരാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.