തിരുവനന്തപുരം: പരസ്യപ്രസ്താവന നടത്തി വിവാദമുണ്ടാക്കേണ്ടെന്നും പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ ഉപദേശം. കിഫ്ബിയിൽനിന്നുള്ള ബസുകൾ ഓടിക്കാൻവേണ്ടി രൂപവത്കരിക്കുന്ന സിഫ്റ്റ് കമ്പനിയെക്കുറിച്ചു വിശദീകരിക്കാൻ ബിജുപ്രഭാകർ നടത്തിയ പത്രസമ്മേളത്തിലെ ചില പരാമർശങ്ങൾ തൊഴിലാളി സംഘടനകളുടെ എതിർപ്പിനിടയാക്കിയിരുന്നു. വിവാദമുയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കെ.എസ്.ആർ.ടി.സി. മേധാവിയെ വിളിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. സർക്കാർ നിശ്ചയിച്ച പുനരുദ്ധാരണ പാക്കേജുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി നിർദേശം നൽകി.
തൊഴിലാളിസംഘടനകൾ എതിർത്താലും സ്വിഫ്റ്റ് കമ്പനി രൂപവത്കരണം നടക്കും. അംഗീകൃത തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം റിപ്പോർട്ട് നൽകാൻ മാനേജ്‌മെന്റിനു നിർദേശം നൽകിയിട്ടുണ്ട്. ഇത് ധനകാര്യ, നിയമവിഭാഗങ്ങൾ പരിശോധിക്കും. ഇതിനുശേഷം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയക്കും. 26-ന് കമ്പനി പ്രഖ്യാപനം ഉണ്ടായേക്കും.
കെ.എസ്.ആർ.ടി.സി.ക്കുള്ളിലെ സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. ഇതിലേക്കാകും കിഫ്ബിയുടെ സഹായധനം നൽകുക. ഇതിലൂടെ വാങ്ങുന്ന പുതിയ ദീർഘദൂര ബസുകൾ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനു കീഴിലാകും ഓടിക്കുക. കെ.യു.ആർ.ടി.സി.യിൽ നിയമനം നൽകുന്ന താത്കാലിക ജീവനക്കാരെയാകും സിഫ്റ്റിൽ നിയോഗിക്കുക. ഇവർക്ക് പ്രത്യേക സേവന, വേതന വ്യവസ്ഥകളുണ്ടാകും. ലാഭകരമായും യാത്രക്കാർക്ക് സൗകര്യപ്രദമായും ദീർഘദൂര ബസുകൾ ഓടിക്കുകയാണ് സ്വിഫ്റ്റിന്റെ ലക്ഷ്യം.