തിരുവല്ല: എം.സി. റോഡിൽ ഇടിഞ്ഞില്ലത്തിനടുത്ത് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് സ്‌കൂട്ടറുകൾ ഇടിച്ചുതെറിപ്പിച്ച്് വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. സ്‌കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. ബസിലുണ്ടായിരുന്ന 22 പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ പരേതനായ രാജുവിന്റെ മകൻ ജെയിംസ് ചാക്കോ (31), പ്രതിശ്രുത വധു ചെങ്ങന്നൂർ വെൺമണി പുലക്കടവ് ആൻസി ഭവനത്തിൽ സണ്ണിയുടെ മകൾ ആൻസി (27) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും വിവാഹം വാക്കാൽ ഉറപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏറ്റുമാനൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ഇന്റവ്യൂവിൽ ആൻസിയെ പങ്കെടുപ്പിച്ചശേഷം മടങ്ങുകയായിരുന്നു ഇരുവരും.
വെള്ളിയാഴ്ച 4.10-ന് ഇടിഞ്ഞില്ലം കഴിഞ്ഞ് തിരുവല്ലയ്ക്കുള്ള വളവിലായിരുന്നു അപകടം. കോട്ടയത്തുനിന്ന് പത്തനംതിട്ടയ്ക്കുപോയ ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് 10 മീറ്ററോളം മാറിയുള്ള ഇരുനിലക്കെട്ടിടത്തിലേക്കാണ് ഇടിച്ചുകയറിയത്. കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള കോൺക്രീറ്റ് ഷെയ്ഡിൽ മൂന്നരമീറ്ററോളം നീളത്തിൽ ബസ് ഇടിച്ചുകയറി. വലതുഭാഗം പൂർണമായും തകർന്നു. ഈ ഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. ജെയിംസും ആൻസിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് ആദ്യം ബസിടിച്ചത്. ആൻസി അപ്പോൾത്തന്നെ അടിയിലേക്കുവീണു. മുൻചക്രത്തിൽ കുരുങ്ങി ജെയിംസും സ്‌കൂട്ടറും 10 മീറ്ററോളം നിരങ്ങിനീങ്ങി. സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളിലും കാറിലും ബസിടിച്ചു. ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കും പരിക്കേറ്റു. കുഞ്ഞുമോളാണ് ജെയിംസിന്റെ അമ്മ. സഹോദരി: ബിന്ദു. ലീലാമ്മയാണ് ആൻസിയുടെ അമ്മ. സ്‌കൂൾ ബസ് ഡ്രൈവറാണ് ജെയിംസ്.
bbഡ്രൈവർ കുഴഞ്ഞുവീണതായി പോലീസ്
bbതിരുവല്ല: ബസ് ഡ്രൈവർക്ക് രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നാണ് ഇടിഞ്ഞില്ലം അപകടം ഉണ്ടായതെന്ന് തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പൻ പറഞ്ഞു. മുൻസീറ്റിൽ യാത്രചെയ്തിരുന്ന നഴ്‌സ് ഡ്രൈവറുടെ അവശത ശ്രദ്ധിച്ചിരുന്നതായും നിയന്ത്രണംതെറ്റിയപ്പോൾ വിളിച്ചുപറയാൻ ശ്രമിച്ചിരുന്നതായും ഡിവൈ.എസ്.പി. പറഞ്ഞു. നിയന്ത്രണംതെറ്റിയിട്ടും ബ്രേക്ക് ചവിട്ടാൻ സാധിക്കാതിരുന്നതും കുഴഞ്ഞുവീണതിനാലാണെന്ന് പോലീസ് വ്യക്തമാക്കി.