തിരുവനന്തപുരം: എറണാകുളം ഡിപ്പോയിലെ കെട്ടിടനിർമാണത്തിലടക്കം കെ.എസ്.ആർ.ടി.സി.ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഇടപാടുകൾക്ക് വഴി തെളിച്ചത് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടുകൾ അവഗണിച്ചത്. സ്ഥാപനത്തിലെ നിർമാണധൂർത്തുകളും ക്രമക്കേടുകളും 2014-ലെ എ.ജി. ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചീഫ് എൻജിനിയറടക്കം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിക്ക് ശുപാർശ ചെയ്തെങ്കിലും കെ.എസ്.ആർ.ടി.സി.യിലെ ഉന്നതർ ഒത്തുകളിച്ച് റിപ്പോർട്ട് മുക്കി. എ.ജി. ഓഡിറ്റ് റിപ്പോർട്ട് കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽനിന്ന്‌ അപ്രത്യക്ഷമായി. ക്രമക്കേടു കാട്ടിയ ഉദ്യോഗസ്ഥർ തത് സ്ഥാനങ്ങളിൽ തുടർന്നു. ഇപ്പോൾ ധനകാര്യവിഭാഗം കണ്ടെത്തിയ വൻ ക്രമക്കേടുകൾക്ക് വഴിതെളിച്ചത് ഈ വീഴ്ചയാണ്.

എറണാകുളം ഡിപ്പോ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമാണത്തിൽ 1.39 കോടി രൂപ നഷ്ടം വന്നതായി കണ്ടെത്തിയ ധനകാര്യ ഓഡിറ്റ് വിഭാഗം, പൊതുമരാമത്ത് ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ സസ്‌പെൻഡ് ചെയ്യാനും വിജിലൻസ് അന്വേഷണം നടത്താനും ശുപാർശ ചെയ്തിട്ടുണ്ട്. ഈ നടപടികളിലേക്ക് എത്തിയപ്പോഴേക്കും വൻനഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്.

നിർമാണങ്ങളിൽ വൻക്രമക്കേട് നടക്കുന്നുണ്ടെന്ന് 2014-ലെ എ.ജി. റിപ്പോർട്ടിൽ പറയുന്നു. കുത്തഴിഞ്ഞ സിവിൽ വിഭാഗമാണ് കോർപ്പറേഷനുള്ളത്. കരാറുകാരുമായി ഉദ്യോഗസ്ഥർ ഒത്തുകളിച്ച് നഷ്ടമുണ്ടാക്കുന്നു. വ്യവസ്ഥകൾ പാലിക്കാതെയാണ് പല കരാറുകളും നൽകിയിരുന്നത്. രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ല. നിർമാണപ്രവർത്തനങ്ങളുടെ നിലവാരം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുന്നില്ല. ഈ വീഴ്ചയാണ് എറണാകുളത്തെ കെട്ടിട നിർമാണത്തിലും ആവർത്തിച്ചത്.

എ.ജി. റിപ്പോർട്ടുപ്രകാരം കാട്ടാക്കടയിലെ കെട്ടിട നിർമാണത്തിൽ 70.95 ലക്ഷം രൂപയാണ് നഷ്ടം. കാസർകോട്‌ വൈദ്യുതീകരണത്തിലെ വീഴ്ച 13.40 ലക്ഷം നഷ്ടമാക്കി. നെടുമങ്ങാട്, കാഞ്ഞങ്ങാട്, നിലമ്പൂർ, ഹരിപ്പാട്, എടപ്പാൾ ഡിപ്പോകളിലെ നിർമാണങ്ങളിലെ ക്രമക്കേടുകളും എ.ജി. റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനു (കെ.ടി.ഡി.എഫ്.സി.)മായി ചേർന്നുള്ള ബി.ഒ.ടി. വാണിജ്യസമുച്ചയങ്ങളുടെ നിർമാണത്തിലെ അപാകവും എ.ജി. ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഇതൊന്നും പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് കഴിഞ്ഞിട്ടില്ല.

ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ടോമിൻ തച്ചങ്കരി എം.ഡി.യായിരുന്നപ്പോൾ സിവിൽ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. തുടർന്ന് സ്ഥാനമേറ്റ ബിജുപ്രഭാകറും കർശനനിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് നിർമാണപ്രവർത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടന്നത്.