തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി കെ.എസ്.ആർ.ടി.സി. ബോണ്ട് സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. വിദ്യാർഥികൾക്കുവേണ്ടി പ്രത്യേക ബസുകൾ ഓടിക്കും. ആവശ്യമുള്ള സ്കൂളുകൾ അതത് കെ.എസ്.ആർ.ടി.സി. ഡിപ്പോയുമായി ബന്ധപ്പെടണം. മറ്റു വാഹനങ്ങളെക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

കൺസഷൻ തുടരും

ഗതാഗതവകുപ്പ് തയ്യാറാക്കിയ യാത്രാ പ്രോട്ടോകോൾ നിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചു. നിലവിൽ വിദ്യാർഥികൾക്കുള്ള കൺസഷൻ അതേപടി തുടരും. ഒക്ടോബർ 20-നുമുമ്പ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി ബസിന്റെ ഫിറ്റ്‌നസ് പരിശോധന നടത്തും.

2020 ഒക്ടോബർമുതൽ 2021 സെപ്റ്റംബർവരെയുള്ള കാലയളവിൽ വിദ്യാഭ്യാസ വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കണമെന്ന് സർക്കാരിനോട് ഗതാഗതവകുപ്പ് ആവശ്യപ്പെടും. ഇക്കാലയളവിൽ സ്കൂളുകൾ അടച്ചിട്ടിരുന്നതിനാൽ സ്കൂൾവാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിരുന്നില്ല.