കോന്നി(പത്തനംതിട്ട): കൺസ്യൂമർ ഫെഡ് ത്രിവേണി സൂപ്പർമാർക്കറ്റ് മുഖാന്തരം തുടങ്ങിയ പലവ്യഞ്ജനങ്ങളുടെ ഹോം ഡെലിവറി കാര്യക്ഷമമാക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സഹകരണവും തേടി. തീരദേശങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ത്രിവേണിയിലെ സാധനങ്ങളെത്തിക്കാൻ കെ.എസ്.ആർ.ടി.സി. ബസുകൾ വാടകയ്ക്കെടുക്കും. ഇതുസംബന്ധിച്ച് കൺസ്യൂമർ ഫെഡ് കത്ത് നൽകി. ഗതാഗതമന്ത്രിയും കൺസ്യൂമർ ഫെഡ് അധികാരികളും തമ്മിൽ ഒരുവട്ട ചർച്ചയും നടന്നു.

ഒരാഴ്ച മുൻപാണ് കൺസ്യൂമർ ഫെഡ് സംസ്ഥാനത്ത് വീടുതോറും ത്രിവേണിയിലെ സാധനങ്ങളും നീതി മെഡിക്കൽ സ്റ്റോറിലെ മരുന്നുകളും ആവശ്യക്കാർക്ക് നേരിട്ടെത്തിക്കുന്ന പദ്ധതി ആരംഭിച്ചത്.

1700 വീടുകളിൽ ത്രിവേണി ജീവനക്കാർ അവർക്കാവശ്യമുള്ള സാധനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എത്തിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഈ സേവനം കൂടുതലായി ആൾക്കാർ ഉപയോഗിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് ഈ സംവിധാനം ഗുണകരമായിട്ടുണ്ട്.

189 ത്രിവേണി സ്റ്റോറാണ് കേരളത്തിൽ കൺസ്യൂമർ ഫെഡ് നടത്തുന്നത്. 73 നീതി മെഡിക്കൽ സ്റ്റോറും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറും ഉണ്ട്.

രാവിലെ ഒൻപതുമുതൽ വൈകീട്ട് ഏഴുവരെ ത്രിവേണിയിൽനിന്ന്‌ വീട്ടുപടിക്കൽ സാധനങ്ങളെത്തിക്കുന്ന സേവനം ലഭിക്കും. ആവശ്യമുള്ള സാധനങ്ങൾ ബന്ധപ്പെട്ട ത്രിവേണി സ്റ്റോറിൽ ഫോണിലൂടെ അറിയിച്ചാൽ ജീവനക്കാർ വീട്ടുപടിക്കൽ എത്തിച്ചുനൽകും. ഇതിന് അധികചാർജ് നൽകേണ്ട. ത്രിവേണി സ്റ്റോറുകളിലെ ഫോൺ നമ്പറുകൾ വെബ്‌സൈറ്റിലുണ്ട്. വാട്‌സാപ്പിൽ ആവശ്യപ്പെട്ടാലും സാധനങ്ങൾ കിട്ടും.

ഛോട്ടാ പാചക ഗ്യാസ് സിലിൻഡറുകളുടെ വിതരണവും ഉടനെ ആരംഭിക്കും. അഞ്ചുകിലോ അടങ്ങിയ പാചകവാതക സിലിൻഡറുകളാണ് ഛോട്ടാ ഗ്യാസ് സിലിൻഡറുകളായി അറിയുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കൺസ്യൂമർ ഫെഡും കരാറിൽ ഒപ്പിട്ടു.