ആലപ്പുഴ: യാത്രാവേളകളിൽ വനിതായാത്രക്കാർക്ക് സുരക്ഷിത താമസസൗകര്യമൊരുക്കാനായി കെ.എസ്.ആർ.ടി.സി.യുടെ ‘സേഫ് സ്റ്റേ’ പദ്ധതി. വനിതാവികസന കോർപ്പറേഷനുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.

കെ.എസ്.ആർ.ടി.സി.യുടെ 94 ഡിപ്പോകളിലും വനിതായാത്രക്കാർക്കായി എ.സി., നോൺ എ.സി. മുറികളൊരുക്കും. ആദ്യസംരംഭം തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ തുടങ്ങും. ഇപ്പോൾ അവിടെ പ്രവർത്തിക്കുന്ന സൗത്ത് സോൺ ഓഫീസ് പാപ്പനംകോട് യൂണിറ്റിലേക്ക് മാറ്റും.

ദീർഘദൂര യാത്രകളിലുൾപ്പെടെ വനിതകൾക്ക് വിശ്രമത്തിനും താമസത്തിനുമായി സുരക്ഷിതമായൊരു കേന്ദ്രം കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ഒരിടത്തുമില്ല. യാത്രക്കാരുടെ വളരെനാളായുള്ള ആവശ്യവുമാണിത്. കോവിഡിനെ തുടർന്ന് വരുമാനംകുറഞ്ഞ കെ.എസ്.ആർ.ടി.സി.ക്ക് അതു വർധിപ്പിക്കാനുള്ള പദ്ധതികൂടിയാവുമിത്.

മിതമായനിരക്കിൽ മികച്ച സൗകര്യമൊരുക്കിയാൽ വളരെയേറെ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.. തിരുവനന്തപുരം ഈഞ്ചക്കലിൽ നൂറുപേർക്ക് താമസിക്കാൻപറ്റുന്ന ലോഡ്ജും ഭക്ഷണശാലയും ആധുനിക സൗകര്യങ്ങളോടുകൂടിയ 30 ശൗചാലയങ്ങളും പെട്രോൾ പമ്പും നിർമിക്കാൻ കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നുണ്ട്.