തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ 4544 തസ്തികകൾ ഇല്ലാതാക്കി. തസ്തിക പുനർനിർണയത്തിന്റെ ഭാഗമായാണ് അടുത്ത അഞ്ചുവർഷത്തേക്ക് പി.എസ്.സി. നിയമനസാധ്യത പൂർണമായും അടച്ച് തസ്തികകൾ കുറച്ചത്. അധികമുള്ള ജീവനക്കാരുടെ വിരമിക്കൽ ഒഴിവിൽ നിയമനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം 24,771 ആയി ജീവനക്കാരുടെ അംഗബലം കുറയും.

ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം 4.71 ആയി നിജപ്പെടുത്തി. 9476 വീതം കണ്ടക്ടർ, ഡ്രൈവർ തസ്തികകളാണ് ഇനിയുണ്ടാകുക. ഒരു ബസിന് പരമാവധി 1.8 കണ്ടക്ടറും ഡ്രൈവറും മാത്രമേ അനുവദിക്കൂ. 4525 മെക്കാനിക്കുകൾ ഉണ്ടായിരുന്നിടത്ത് ഇനി 2100 പേർ മതിയാകും. 2425 പേർ അധികമുണ്ട്. ഇവരെ പുനർവിന്യസിക്കും. 217 ഹയർ ഡിവിഷൻ ഓഫീസർമാർ 151 ആയി ചുരുങ്ങും. 764 ഡ്രൈവർമാരും 705 കണ്ടക്ടർമാരും അധികമുണ്ട്. സ്ഥാനക്കയറ്റം 10 ശതമാനമായി കുറച്ചു.

ആശ്രിത നിയമനത്തിലൂടെ എത്തുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും ഇനി റിസർവ് പട്ടികയിലായിരിക്കും. 240 ഡ്യൂട്ടി തികയ്ക്കുമ്പോൾ നിലവിലെ അംഗീകൃത തസ്തികയിൽ ഒഴിവുണ്ടാകുമ്പോൾ മാത്രമേ സ്ഥിരനിയമനം നൽകൂ. 240 ഡ്യൂട്ടി തികയാത്തവർക്ക് സ്ഥാനക്കയറ്റമോ ഇൻക്രിമെന്റോ നൽകില്ല. ശാരീരിക അവശതയുള്ള ജീവനക്കാരുടെ പരിശോധനയ്ക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ ചുമതലപ്പെടുത്തി. പുതിയ കമ്പനിയായ സ്വിഫ്റ്റിലേക്കടക്കം 2105 ദിവസവേതനക്കാരെ ലേബർ സപ്ലൈ സൊസൈറ്റികൾവഴി നിയമിക്കും.

ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഒരു ഡ്യൂട്ടിയിൽ എഴുമണിക്കൂർ മാത്രം ജോലിചെയ്യിപ്പിക്കുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കും. ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് നിശ്ചിത സമയം കഴിയുമ്പോൾ വിശ്രമം അനുവദിക്കാൻ തൃശ്ശൂർ, പുതുക്കാട് എന്നിവിടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. ഹ്രസ്വദൂര ബസുകളിൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നവർക്ക് ഓവർടൈം നൽകും.

മാനേജമെന്റ് തീരുമാനങ്ങളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായി ഉടൻ ചർച്ചയാരംഭിക്കും.