തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം കൂട്ടാൻ ബസുകളിൽ പരസ്യംചെയ്യാൻ കെ.എസ്‌.ആർ.ടി.സി. ഇടനിലക്കാരെ ഒഴിവാക്കി. ഇതുവരെ ഇടനിലക്കാർവഴി കുറഞ്ഞ തുകയ്ക്കാണ് പരസ്യങ്ങൾ സ്വീകരിച്ചിരുന്നത്. സർക്കാർ പരസ്യങ്ങൾ പി.ആർ.ഡി. വഴി കെ.എസ്.ആർ.ടി.സി. നേരിട്ട് സ്വീകരിച്ചുതുടങ്ങി. 1000 ബസുകളിൽ ഒരുമാസത്തേക്ക് പരസ്യംചെയ്യാൻ പി.ആർ.ഡി. വഴി 1.21 കോടിരൂപയുടെ കരാറായി.

പരസ്യങ്ങൾ സ്വീകരിക്കാനും ഏകോപിപ്പിക്കാനും പുതുതായി രൂപവത്കരിച്ച മാർക്കറ്റിങ് വിഭാഗത്തിനാണു ചുമതല. ഇതിനായി ഡെപ്യൂട്ടി മാനേജരെ (കൊമേഴ്‌സ്യൽ) നിയമിച്ചു. അടുത്ത 30 ദിവത്തേക്ക് 2519 രൂപയ്ക്ക് ഒരു ബസിൽ പരസ്യം പതിക്കാമെന്നറിയിച്ച കമ്പനിക്ക് ഇതിനുള്ള അനുമതിയും നൽകി. കെ.എസ്.ആർ.ടി.സി.ക്ക് മാസം 95 ലക്ഷം രൂപയുടെ വരുമാനം കിട്ടുമെന്നാണു പ്രതീക്ഷ.

പരസ്യംനൽകുന്ന ഏജൻസിക്ക് കമ്മിഷൻ നൽകാനും തീരുമാനമായി. ഓരോ ഡിപ്പോയിലും പ്രാദേശികതലത്തിൽ ഏജന്റുമാരെ ചുമതലപ്പെടുത്തും. കോവിഡിനുമുമ്പ് 1.7 കോടിയോളം രൂപയാണ് പ്രതിമാസം ലഭിച്ചിരുന്നത്. കോവിഡായതോടെ ബസുകൾ സർവീസുകൾ നടത്തുന്നില്ലെന്നു പറഞ്ഞ് ഏജൻസികൾ പിൻവാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനം.

ശമ്പളത്തിന് 70 കോടി; വിതരണം ഇന്നുമുതൽ

കെ.എസ്.ആർ.ടി.സി.യിൽ ജനുവരിയിലെ ശമ്പളവിതരണത്തിന് സംസ്ഥാനസർക്കാർ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉൾപ്പെടെയുള്ള തുകയാണിത്. ശമ്പളവിതരണം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സി.എം.ഡി. അറിയിച്ചു.