കണ്ണൂർ: ‘റീച്ച് ഓൺ ഫാസ്റ്റ് ബസ്’ കൊറിയർ സേവനത്തിലൂടെ കെ.എസ്.ആർ.ടി.സി.യുടെ വരുമാനം ഒരുകോടിയിലേക്ക്. ട്രാക്ക് ഓൺ കൊറിയർ സർവീസുമായി ചേർന്ന് 2015-ൽ തുടങ്ങിയ പദ്ധതിവഴി ഇതേവരെ 90.91 ലക്ഷം രൂപ കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചു. കൊറിയർ സേവനങ്ങൾക്കുള്ള തുകയിൽ നിന്ന് നിശ്ചിതവിഹിതം കെ.എസ്.ആർ.ടി.സി.ക്ക് നൽകണമെന്ന വ്യവസ്ഥയിൽ അഞ്ചുവർഷത്തേക്കാണ് കരാർ. കൂടുതൽ വരുമാനം കണ്ടെത്താൻ ഇരുചക്രവാഹനങ്ങളുൾപ്പെടെ കൊറിയർ സംവിധാനത്തിൽ എത്തിച്ചുകൊടുക്കാനുള്ള സൗകര്യം തുടങ്ങിയിട്ടുണ്ട്. കേരള-ബെംഗളൂരു വോൾവോ ബസ്സുകളിലാണ് നിലവിൽ ഇതിനുള്ള സൗകര്യം. എന്നാൽ, വാടക സ്കാനിയ ബസ്സുകളിൽ കൊറിയർ സേവനം ഒഴിവാക്കിയത് സേവനദാതാക്കൾക്ക് തിരിച്ചടിയായി.

ആദ്യഘട്ടമായി 15 ഡിപ്പോകളിൽ തുടങ്ങിയ സേവനം ഇന്ന് 49 കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഡിപ്പോകൾ കേന്ദ്രീകരിച്ചും അല്ലാതെയും കൊറിയർ ഓഫീസുകൾ പ്രവർത്തിക്കുന്നു. മൂന്നാർ, വൈറ്റില, കോതമംഗലം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ ഓപ്പറേറ്റിങ് സെന്ററുകൾ തുടങ്ങാനുള്ള ആലോചനകൾ നടക്കുകയാണെന്ന് റീച്ച് ഓൺ ഓപ്പറേഷൻ ഹെഡ് കെ.വിഷ്ണുപ്രസാദ് പറഞ്ഞു.

ഡോർ ടു ഡോർ ഡെലിവറി സേവനവും മലയോരത്തെ ജനങ്ങളുടെ സൗകര്യത്തിന് അത്തരം പ്രദേശങ്ങളിൽ ഫ്രാഞ്ചൈസികളും തുടങ്ങിയത് വരുമാനം കൂടാൻ കാരണമായതായി അധികൃതർ പറഞ്ഞു. ഓരോ സാമ്പത്തികവർഷവും കൊറിയർ വരുമാനത്തിൽ സേവനദാതാക്കൾക്കും നേട്ടമുണ്ട്. രണ്ടുകോടിയിലേറെ കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ചു. നിലവിൽ കോഴിക്കോട്, എറണാകുളം ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ഇരുചക്രവാഹനങ്ങൾ കൊറിയർ അയയ്ക്കാൻ സൗകര്യമുള്ളത്.

ജി.എസ്.ടി. നടപ്പാക്കിയതോടെ സേവനങ്ങൾക്ക് നിരക്ക് കൂടിയിട്ടുണ്ട്. കേരളത്തിനകത്ത് 100 ഗ്രാം വരെ തൂക്കമുള്ള സാധനങ്ങൾക്ക് 25 രൂപയും 250 ഗ്രാം വരെ 42 രൂപയുമാണ് നിരക്ക്. മൂന്നുകിലോ വരെയുള്ളവയ്ക്ക് 84 രൂപയാകും. അതിനുമുകളിൽ ഓരോ കിലോയ്ക്കും 21 രൂപ അധികമായി നൽകണം. കേരളത്തിന് പുറത്തേക്ക് 250 ഗ്രാം വരെയുള്ളവയ്ക്ക് 127 രൂപയാകും. മൂന്നുകിലോ വരെയാണെങ്കിൽ 211 രൂപയും.

സർക്കാർസംബന്ധമായ സാമഗ്രികളും കെ.എസ്.ആർ.ടി.സി. കൊറിയർ വഴി അയയ്ക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കൊറിയർ സേവനദാതാക്കൾ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിട്ടുണ്ട്.