തിരുവനന്തപുരം: വായ്പാചെലവും നടപടിക്രമങ്ങളും വാണിജ്യ രഹസ്യമാണെന്ന കെ.എസ്.ആര്‍.ടി.സി.യുടെ വാദത്തിന് തിരിച്ചടി. ഇതുസംബന്ധിച്ച രേഖകള്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

കണ്‍സോര്‍ഷ്യം ബാങ്കുകളില്‍നിന്ന് 1300 കോടിരൂപ വായ്പയെടുക്കാന്‍ ഇടനിലക്കാര്‍ക്ക് രണ്ടുകോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോള്‍ നിര്‍ദേശിച്ചത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എം.ഡി. ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുത്തത്. ഇടനിലക്കാരെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് ആക്ഷേപം.

വായ്പയ്ക്കുവേണ്ടിവന്ന ചെലവ്, ഇടനിലക്കാരെ തിരഞ്ഞെടുത്ത നടപടികള്‍, പ്രതിഫലം നിശ്ചയിച്ച മാനദണ്ഡം തുടങ്ങിയ രേഖകള്‍ വിവരാവകാശനിയമപ്രകാരം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറായില്ല. രേഖകള്‍ ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടുസൂക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് വിവരാവകാശ കമ്മിഷനില്‍ പരാതിയെത്തിയത്.

ബജറ്റ്, ലോ എന്നീ വിഭാഗങ്ങളിലാണ് വായ്പാ ഇടപാടുകള്‍ സംബന്ധിച്ച രേഖകളുണ്ടായിരുന്നത്. ഇവ വെളിപ്പെടുത്തില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. വായ്പകളിലെ ക്രമക്കേടുകള്‍ ഒളിപ്പിച്ചുവെയ്ക്കുന്നുവെന്ന ആരോപണത്തെ ഇത് ബലപ്പെടുത്തി.

വായ്പ പ്രോത്സാഹിപ്പിക്കുന്നതിന് ധനകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന ലോണ്‍ ഇന്‍സെന്റീവ് കെ.എസ്.ആര്‍.ടി.സി.യിലെ ഉദ്യോഗസ്ഥര്‍ പറ്റുന്നതായി ആരോപണമുയര്‍ന്നിരുന്നു. പ്രോസസിങ് ചാര്‍ജായി ചെലവഴിക്കുന്ന തുകയില്‍ ഓഡിറ്റിങ് നടക്കുന്നില്ലെന്നും ആക്ഷേപമുണ്ടായി. വായ്പ തിരിച്ചടവിലും വന്‍ ക്രമക്കേടുകള്‍ സംഭവിച്ചു.

കെ.ടി.ഡി.എഫ്.സി.യുടെ കണക്കുകളുമായി കെ.എസ്.ആര്‍.ടി.സി.യുടെ കണക്കുകള്‍ക്ക് വന്‍ വ്യത്യാസമാണുള്ളത്. വായ്പകള്‍ അടച്ചുതീര്‍ത്തെന്ന് കെ.എസ്.ആര്‍.ടി.സി. അവകാശപ്പെടുമ്പോള്‍ 450 കോടി രൂപകൂടി കെ.ടി.ഡി.എഫ്.സി. ആവശ്യപ്പെടുന്നു. ഒരുവര്‍ഷമായിട്ടും ഇത് പരിഹരിച്ചിട്ടില്ല. ഇതിനിടെ കെ.ടി.ഡി.എഫ്.സി. അമിതപലിശ ഈടാക്കിയെന്ന് എ.ജി. കണ്ടെത്തി.

കണ്‍സോര്‍ഷ്യത്തിനുപുറമേ കെ.ടി.ഡി.എഫ്.സി., സഹകരണബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പയെടുത്തതിന്റെ രേഖകളും വെളിപ്പെടുത്തിയിട്ടില്ല. നഷ്ടം സമ്മാനിച്ച വായ്പാ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ വിവരാവകാശനിയമപ്രകാരം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഉത്തരവ്.