തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി. രാത്രികാല ദീർഘദൂര ബസുകൾ ഓടിക്കും. വരുമാനനഷ്ടത്തെത്തുടർന്ന് രാത്രിബസുകൾ നിർത്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. പത്രക്കുറിപ്പിൽ അറിയിച്ചു. പൊതുഗതാഗതത്തെ സർക്കാർ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി. മേധാവി ബിജുപ്രഭാകറും പറഞ്ഞു.

യാത്രക്കാർ കുറഞ്ഞെങ്കിലും 50 ശതമാനം ബസുകൾ ഓടിക്കാനാണ് തീരുമാനം. യാത്രാക്ലേശം ഉണ്ടാകാത്ത വിധം രാത്രിസർവീസുകൾ ക്രമീകരിക്കും. മേയ് 15 മുതൽ പകൽ കൂടുതൽ സർവീസ് നടത്തും. രാവിലെ എഴുമുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ രാത്രി എഴുവരെയും കൂടുതൽ ബസുകൾ ഓടിക്കാൻ 12 മണിക്കൂർ ഷിഫ്റ്റ് ഏർപ്പെടുത്തി.

ആശുപത്രികളിലെത്താനും മടങ്ങാനും സൗകര്യമായ വിധത്തിൽ ബസുകൾ ഓടിക്കാൻ ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകി. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും യാത്രാസൗകര്യത്തിന് കെ.എസ്.ആർ.ടി.സി. കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 0471-2463799, 9447071021, 8129562972 (വാട്സാപ്പ് നമ്പർ).

കോർപ്പറേഷനിലെ ഏപ്രിൽ മാസത്തെ ശമ്പളം ഈയാഴ്ച നൽകും. ഇതിന് 100.59 കോടി രൂപ സർക്കാർ അനുവദിച്ചു.