കൊല്ലം: നാട്ടിൽ ആവശ്യത്തിന് ചാർജിങ് സ്റ്റേഷനുകളില്ലെന്ന കാരണത്താൽ ഇനി വൈദ്യുതവാഹനങ്ങൾ വാങ്ങാൻ മടിക്കേണ്ട. സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ മൂന്നു മാസത്തിനകം കെ.എസ്.ഇ.ബി. ഇ-ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും.
സംസ്ഥാന സർക്കാർ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ 32 ചാർജിങ് സ്റ്റേഷനുകളും കേന്ദ്ര പദ്ധതിപ്രകാരം ആറു കോർപ്പറേഷനുകളിലും മലപ്പുറം നഗരസഭയിലും ചാർജിങ് സ്റ്റേഷനുകൾ പിന്നാലെ തുടങ്ങും. എൽ.പി.ജി. സിലിൻഡറുകൾ പോലെ ബാറ്ററികൾ വാടകയ്ക്ക് ലഭ്യമാക്കുന്ന സ്വാപ്പിങ് സ്റ്റേഷനുകളും കെ.എസ്.ഇ.ബി. ഉടൻ തുടങ്ങും.
ഒട്ടേറെ സ്വകാര്യ സംരംഭകർ ചാർജിങ് സ്റ്റേഷൻ തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ മുഹമ്മദ് ഷെരീഫ് പറഞ്ഞു.
വൈദ്യുതി നിരക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ വിൽക്കണമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്തുള്ള കെ.എസ്.ഇ.ബി.യുടെ കേരളത്തിലെ ആദ്യ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിലും ഈ നിരക്കാണ് ഈടാക്കുന്നത്.
2020 അവസാനിക്കുമ്പോൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങളും അരലക്ഷം ഓട്ടോറിക്ഷകളും ആയിരം ചരക്ക് വാഹനങ്ങളും മൂവായിരം ബസുകളും സംസ്ഥാനത്തുണ്ടാകുമെന്നാണു കരുതുന്നത്.
കെ.എസ്.ഇ.ബി. തുടങ്ങുന്ന ചാർജിങ് സ്റ്റേഷനുകൾ
1. തിരുവനന്തപുരം- നേമം ഇലക്‌ട്രിക്കൽ സെക്‌ഷൻ ഓഫീസ്
2. കൊല്ലം- ഓലയിൽ സെക്‌ഷൻ ഓഫീസ്
3. കൊച്ചി- കലൂർ സബ്സ്റ്റേഷൻ
4. തൃശ്ശൂർ- വിയ്യൂർ സബ് സ്റ്റേഷൻ
5. കോഴിക്കോട്- നല്ലളം സബ്സ്റ്റേഷൻ
6. കണ്ണൂർ- ചൊവ്വ സബ്സ്റ്റേഷൻ
സ്വകാര്യ സംരംഭകർക്കും അവസരം
സ്വകാര്യ സംരംഭകർക്കും സർക്കാർ വകുപ്പുകൾക്കും ചാർജിങ് സ്റ്റേഷൻ തുറക്കാനാകും. റോഡരികിൽ 15 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുള്ള ഭൂമിയാണു വേണ്ടത്. 15 മീറ്റർ റോഡ് ഫ്രണ്ടേജ് ഉണ്ടാകണം. സ്ഥലസൗകര്യമുണ്ടെങ്കിൽ പെട്രോൾ പമ്പുകളോടു ചേർന്നും ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാം.
Content Highlights: kseb starts charging stations for electric vehicles in kerala