കൊച്ചി: ‘‘ഈ സർക്കാരിൽ ഞങ്ങൾക്കു വിശ്വാസമില്ല. എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്ക് അല്പമെങ്കിലും ആശ്വാസംകിട്ടാൻ നീതി കിട്ടണം. ഞങ്ങളുടെ മക്കളെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണം തുടങ്ങണം’’- കാസർകോട് പെരിയയിലെ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐ. ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ ഉയർന്നുകേട്ട വിലാപം അതു മാത്രമായിരുന്നു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് തിങ്കളാഴ്ച എറണാകുളത്തെ സി.ബി.ഐ. ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്.

ആശയങ്ങൾ പ്രചരിപ്പിക്കാൻ എതിർ ചേരിക്കാരെ ആക്രമിച്ച് കൊലപ്പെടുത്തുന്ന രീതി ജനാധിപത്യ സംവിധാനത്തിൽ ഭൂഷണമല്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളിൽ യഥാർഥ പ്രതികളെ സംരക്ഷിക്കാനായി മറ്റുള്ളവരെ കുറ്റവാളികളായി നൽകുന്ന രീതി കണ്ണൂർ രാഷ്ട്രീയത്തിലുണ്ട്. ഇത്തരം കീഴ്‌വഴക്കങ്ങളൊന്നും ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.

ഈ സർക്കാരിൽ അല്പംപോലും വിശ്വാസമില്ലാത്തതുകൊണ്ടാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് ടി. കൃഷ്ണനും പറഞ്ഞു. സർക്കാരിന്റെ താത്പര്യത്തിനനുസരിച്ച് കേസന്വേഷിച്ചവർ തയ്യാറാക്കിയ കുറ്റപത്രം കൊണ്ട് നീതി ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അത് തള്ളിക്കളഞ്ഞതെന്നും അവർ പറഞ്ഞു.

അന്വേഷണം വൈകുന്തോറും തെളിവുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ജനങ്ങൾക്കുവേണ്ടിയും നീതിക്കു വേണ്ടിയുമാണ് ഭരണമെങ്കിൽ പിണറായിസർക്കാർ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കൃപേഷിന്റെ അമ്മ ബാലാമണി, സഹോദരി കൃഷ്ണപ്രിയ, ശരത് ലാലിന്റെ അമ്മ ലത, സഹോദരി അമൃത എന്നിവരും മറ്റു ബന്ധുക്കളുമാണ്‌ ധർണയിൽ പങ്കെടുക്കാനെത്തിയത്. ടി.ജെ. വിനോദ് എം.എൽ.എ., കാലടി സർവകലാശാലാ മുൻ വി.സി. എം.സി. ദിലീപ്കുമാർ, പെരിയ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കെ. അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: kripesh, sarathlal, periya murder, relatives demand CBI Probe