തിരുവനന്തപുരം : മാനദണ്ഡങ്ങളിൽ കാര്യമായ വെള്ളംചേർക്കാതെയും ധാരണയ്ക്ക് പുതുവഴി കണ്ടെത്തിയും കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക്‌ രൂപംനൽകി. സ്ഥാനമൊഴിഞ്ഞ 14 ഡി.സി.സി. പ്രസിഡന്റുമാരെയും കെ.പി.സി.സി. എക്സിക്യുട്ടീവിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കിയാണ് ഒത്തുതീർപ്പ്. മുൻ നിശ്ചയപ്രകാരം ഭാരവാഹികളടക്കം 51 പേർ തന്നെയാകും കെ.പി.സി.സി. എക്സിക്യുട്ടീവിൽ ഉണ്ടാകുക. പട്ടിക കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഹൈക്കമാൻഡിന് കൈമാറി.

15 ജനറൽ സെക്രട്ടറിമാരെന്ന മുൻ തീരുമാനത്തിൽ അയവുവരുത്തി. വനിതകളായ മൂന്ന് ജനറൽ സെക്രട്ടറിമാരെക്കൂടി അധികം ഉൾക്കൊള്ളിക്കും. ഒരു വനിതയടക്കം നാല് വൈസ് പ്രസിഡന്റുമാരുമുണ്ടാകും. പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റുമാരെയുംകൂടി കണക്കിലെടുക്കുമ്പോൾ ഭാരവാഹികളുടെ എണ്ണം 26 ആകും. എക്സിക്യുട്ടീവിൽ 25 പേരുമുണ്ടാകും.

സ്ഥാനമൊഴിഞ്ഞ ഡി.സി.സി. പ്രസിഡന്റുമാരെ കെ.പി.സി.സി. ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്നായിരുന്നു മാനദണ്ഡം. ഇതിൽ ഇളവുവരുത്തി ചിലരെ പരിഗണിക്കണമെന്ന സമ്മർദം വന്നിരുന്നു. എന്നാൽ, രാഷ്ട്രീയകാര്യസമിതി തീരുമാനിച്ച മാനദണ്ഡങ്ങൾ മാറ്റാൻകഴിയില്ലെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നിലപാട് സ്വീകരിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായും മറ്റും ആലോചിച്ചാണ് സുധാകരൻ അവസാനപട്ടികയ്ക്ക് രൂപംനൽകിയത്. മുൻ ഡി.സി.സി. പ്രസിഡന്റുമാരെ പ്രത്യേക ക്ഷണിതാക്കളാക്കാമെന്ന നിർദേശം ഈ ചർച്ചകളിലാണ് രൂപപ്പെട്ടത്. തുടർച്ചയായി കെ.പി.സി.സി. ഭാരവാഹികളായിരുന്നവരെ വീണ്ടും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തിൽ ഇളവുലഭിച്ചാൽ പത്മജാ വേണുഗോപാൽ വൈസ് പ്രസിഡന്റാകും. ഇളവുവേണ്ടെന്നാണ് തീരുമാനമെങ്കിൽ എക്സിക്യുട്ടീവിലുണ്ടാകും.

സാധ്യതാ പട്ടിക

ജനറൽ സെക്രട്ടറിമാർ-വി.ടി. ബലറാം, അനിൽ അക്കര, കെ. ശിവദാസൻ നായർ, എ.എ. ഷുക്കൂർ, പി.എം. നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റിയൻ, റോയ് കെ. പൗലോസ്, ജെയ്‌സൺ ജോസഫ്, ജമാൽ മണക്കാടൻ, പി.എ. സലീം, കെ.പി. ശ്രീകുമാർ, എം.ജെ. ജോബ്, രമണി പി. നായർ, കെ. ജയലക്ഷ്മി, ഫാത്തിമ റോഷ്‌ന.

വൈസ് പ്രസിഡന്റുമാർ-എ.വി. ഗോപിനാഥ്, വി.പി. സജീന്ദ്രൻ, കെ. ശിവദാസൻനായർ/കെ. മോഹൻകുമാർ, പത്മജാ വേണുഗോപാൽ/സുമാ ബാലകൃഷ്ണൻ.