തിരുവനന്തപുരം: കെ.പി.സി.സി. അംഗങ്ങളുടെ പട്ടികയില്‍ മാറ്റംവരുത്താന്‍ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. യുവാക്കള്‍, വനിതകള്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന ഹൈക്കമാന്‍ഡിന്റെ താക്കീതിനെത്തുടര്‍ന്നാണിത്. മാനദണ്ഡമനുസരിച്ചുള്ള പ്രാതിനിധ്യം ഇവര്‍ക്ക് നല്‍കാത്തതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു.

പട്ടികയില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും സമര്‍പ്പിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ കാസര്‍കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രമാനദണ്ഡമനുസരിച്ചുള്ള പ്രാതിനിധ്യം ലഭിച്ചിട്ടില്ലെങ്കിലും 282 പേരുടെ പട്ടികയില്‍ യുവാക്കളും സ്ത്രീകളുമടക്കമുള്ളവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നാണ് കെ.പി.സി.സി. നേതൃത്വത്തിന്റെ വാദം. ഇത് പക്ഷേ, കേന്ദ്രനേതൃത്വത്തിന് സ്വീകാര്യമായില്ല.

പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് പട്ടികയില്‍ ഹൈക്കമാന്‍ഡിന് കൂടുതല്‍ പേരെ ചേര്‍ക്കാമെന്ന നിലപാടും സംസ്ഥാനനേതൃത്വം മുന്നോട്ടു വെച്ചിരുന്നു. ഇതിനോട് വിയോജിച്ച് കേന്ദ്രനേതൃത്വം പട്ടിക പരിഷ്‌കരിക്കാന്‍ സംസ്ഥാനനേതൃത്വത്തോട് നിര്‍ദേശിച്ചു. സമവായം ഉണ്ടായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയ്‌ക്കെതിരെ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരനടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു.

സങ്കുചിതമായ ഗ്രൂപ്പു താത്പര്യങ്ങള്‍ക്ക് അനുസരണമായാണു കെ.പി.സി.സി. പുനഃസംഘടനാ പട്ടിക തയ്യാറാക്കിയതെന്ന് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. സെപ്റ്റംബര്‍ 13-ന് ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതിയോഗത്തിന്റെ തീരുമാനം നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ഗ്രൂപ്പ് നേതാക്കള്‍ ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയതാണ് പ്രശ്‌നകാരണമെന്നും സുധീരന്‍ പറഞ്ഞു.

 
ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചിട്ടില്ല - ഹസന്‍

കാസര്‍കോട്: പട്ടികയുടെപേരില്‍ ഹൈക്കമാന്‍ഡിനെ കെ.പി.സി.സി. വെല്ലുവിളിച്ചെന്നത് മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്ന് പ്രസിഡന്റ് എം.എം. ഹസന്‍. പട്ടികയിലെ അപാകം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്തശേഷം ഭേദഗതി വരുത്തും. പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടവരെ ഹൈക്കമാന്‍ഡിന് നിര്‍ദേശിക്കാമെന്നും ഹസന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ഡി.സി.സി. പ്രസിഡന്റുമാരെ അംഗങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നില്ല. ഭാരവാഹികളുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.