കാളികാവ്: മാവോവാദികൾ രഹസ്യമായി പ്രവർത്തനം നടത്താൻ മുഖ്യധാര പാർട്ടികളെ മറയാക്കുന്നതായി വെളിപ്പെടുത്തൽ. കോഴിക്കോട് പന്തീരാങ്കാവിൽ പിടിയിലായ അലനും താഹയുമാണ് ഇക്കാര്യം ചോദ്യംചെയ്യലിൽ പോലീസിനോ‍ട് പറഞ്ഞത്.

മാവോവാദി സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിവിധ പാർട്ടികളിൽനിന്നുകൊണ്ട് അൻപതിലേറെപേർ വീതം മാവോവാദി സംഘടനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കോഴിക്കോട് ടൗണിൽമാത്രം ഇരുപതോളം പേർ ഇത്തരത്തിൽ മാവോവാദി അനുകൂലപ്രവർത്തനം നടത്തുന്നുണ്ടെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു.

സി.പി.എം, സി.പി.ഐ, ആർ.എം.പി. എന്നീ പാർട്ടികളിലാണ് മാവോവാദി പ്രവർത്തകർ ഉള്ളതെന്നും ഇരുവരും മൊഴിനൽകിയതായി അറിയുന്നു. എല്ലാ ജില്ലകളിലും രഹസ്യപ്രവർത്തനങ്ങൾ ഊർജിതമാണെന്നും അലനും താഹയും അന്വേഷണസംഘത്തിന് മൊഴി നൽകി.

സി.പി.എമ്മിൽ തുടർന്നുകൊണ്ട് മാവോവാദി പ്രവർത്തനം തുടങ്ങിയിട്ട് മൂന്നുവർഷമായി. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ വ്യതിയാനം സംഭവിച്ചതിനാൽ തുടരാൻ കഴിയാത്തതിനാലാണ് പ്രവർത്തകർ തീവ്ര ഇടതുപക്ഷ ചിന്താഗതിയിലേക്ക് നീങ്ങുന്നത്.

മാവോവാദി പ്രസ്ഥാനത്തിന് കവചമെന്നനിലയിൽ സി.പി.എമ്മിൽനിന്ന് പ്രവർത്തിക്കാൻ മാവോവാദി നേതൃത്വം നിർദേശിച്ചതിനാലാണ് സി.പി.എം. വിടാതിരുന്നത് -ഇരുവരും പറയുന്നു. മുഖ്യധാരാ പാർട്ടികളിൽ തുടർന്ന് കൂടുതൽപേരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയായിരുന്നു മാവോവാദികളുടെ ലക്ഷ്യം.

മുഖ്യധാരാ പാർട്ടികളിൽ ചേർന്നുള്ള പ്രവർത്തനരീതിയെ കവർ ഓർഗനൈസേഷൻ എന്നാണ് മാവോവാദികൾ വിശേഷിപ്പിക്കുന്നത്. കവർ ഓർഗനൈസേഷൻ പ്രവർത്തകർ സംഘടനയ്ക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

മാവോവാദി ഏറ്റുമുട്ടലുകളും അറസ്റ്റുകളും ഉണ്ടാകുമ്പോൾ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ച് വിതരണംചെയ്യുക എന്നതാണ് കവർ ഓർഗനൈസേഷൻ പ്രവർത്തകരുടെ പ്രധാന ചുമതല.

മാവോവാദി അനുകൂല വിദ്യാർഥി സംഘടനയായ ഡി.എസ്.എ.(െഡമോക്രാറ്റിക് സ്റ്റുഡൻസ് അലയൻസ്) വഴിയാണ് അലനും താഹയും മാവോവാദി സംഘടനയിൽ എത്തുന്നത്. പാഠാന്തരം എന്ന പേരിലറിയപ്പെട്ടിരുന്ന വിദ്യാർഥി സംഘടനയുടെ പേര് 2016-ൽ ഡി.എസ്.എ. എന്നാക്കി മാറ്റി.

Content Highlights: kozhikode uapa case; alan and thaha reveled more details to police