കോഴിക്കോട്: ജീവിതവും അനുഭവവും ചേര്‍ത്തുവെച്ച കഥകളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു.

അര്‍ബുദചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ട് സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അന്ത്യം. കോഴിക്കോട്, വടകര ടൗണ്‍ഹാളുകളിലും കക്കട്ടില്‍ കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് ആറിന് ചീക്കുന്ന് വലിയ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്. രണ്ട് തവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1992, 2003) ലഭിച്ചിട്ടുണ്ട്. ഹാസ്യവിഭാഗത്തില്‍ സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ആദ്യ പുരസ്‌കാരവും കക്കട്ടിലിനായിരുന്നു.

'ശമീല ഫഹ്മി', 'അധ്യാപക കഥകള്‍', 'ആറാം കാലം', 'നാദാപുരം', 'മൈലാഞ്ചിക്കാറ്റ്', '2011-ലെ ആണ്‍കുട്ടി', 'ഇപ്പോള്‍ ഉണ്ടാകുന്നത്', 'തിരഞ്ഞെടുത്ത കഥകള്‍', 'പതിനൊന്ന് നോവലറ്റുകള്‍', 'മൃത്യുയോഗം', 'സ്‌ത്രൈണം', 'വടക്കുനിന്നൊരു കുടുംബവൃത്താന്തം', 'സ്‌കൂള്‍ ഡയറി' തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കണ്‍വീനറായിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും മലയാളം ഉപദേശകസമിതികള്‍, സംസ്ഥാന സാക്ഷരതാമിഷന്‍ മാസികയായ 'അക്ഷരകൈരളി'യുടെ പത്രാധിപസമിതി, കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്) കരിക്കുലം കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ 1954 ജൂലായ് ഏഴിനാണ് ജനനം. പിതാവ് : പരേതനായ പറമ്പത്ത് അബ്ദുള്ള. മാതാവ്: പരേതയായ ചെറു പീടികക്കണ്ടിയില്‍ കുഞ്ഞാമിന. ഭാര്യ: വാവളോട്ട് ജമീല. മക്കള്‍: സിത്താര (ദുബായ്), സുഹാന (സൈക്കോളജിസ്റ്റ്, ക്രിയേറ്റീവ് ബ്രിട്ടീഷ് സ്‌കൂള്‍, ദുബായ്). മരുമക്കള്‍: ജംഷിദ് വടകര (അക്കൗണ്ട്‌സ് മാനേജര്‍, റാസല്‍ഖൈമ), ഷിബില്‍ കൊടുങ്ങല്ലൂര്‍ (സെയില്‍സ് എന്‍ജിനീയര്‍, പെട്രോ മിഡില്‍ ഈസ്റ്റ്, അബുദാബി).