കോഴിക്കോട്: അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് നിയമസഭാ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഈ രാജ്യത്തെ പരമോന്നത നീതിപീഠം നില്‍ക്കുന്ന കേന്ദ്രം തങ്ങളുടെ സ്വന്തമാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തിരുത്തണമെന്നും സ്​പീക്കര്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടഞ്ഞുവെക്കാനും ചോദ്യംചെയ്യാനും ആര്‍ക്കും അധികാരമില്ല. നീതിപീഠത്തെ വെല്ലുവിളിച്ച് മുകളില്‍ പറക്കുന്ന പരുന്തുണ്ടെങ്കില്‍ അതിനെ താഴെയിറക്കണം. കോടതിയില്‍ എന്ത് നടക്കുന്നു, തീരുമാനങ്ങളും സംവാദങ്ങളും എന്ത് എന്നറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കരുത്. ജനാധിപത്യത്തിന്റെ ഊര്‍ജസ്വലതയുള്ള ഒരു സമൂഹത്തില്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും മാധ്യമങ്ങള്‍ വേണോ എന്നുചോദിക്കുന്നവരുണ്ട്. സ്​പീക്കറുടെ ചേമ്പറില്‍വന്ന് 'വക്രദൃഷ്ടി' പോലുള്ള പരിപാടികള്‍ നിര്‍ത്താന്‍ വകുപ്പുണ്ടോ എന്ന് പ്രമുഖ രാഷ്ട്രീയ നേതാവുതന്നെ അന്വേഷിച്ചു. മാധ്യമസാന്ദ്രത വര്‍ധിക്കുന്നത് ജനാധിപത്യം മെച്ചപ്പെടുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍, നാലോ അഞ്ചോ ദിവസത്തെ റേറ്റിങ് മാത്രം ലക്ഷ്യംവെക്കാതെ വാര്‍ത്തകളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കണം. കാണുന്നതിനേക്കാള്‍ കാണാത്ത വാര്‍ത്തകള്‍ കണ്ടെത്താനും വിശാലമായ ഇടപെടലുകള്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരുവത്ത് രാമന്‍ അവാര്‍ഡ് പ്രൊഫ. കെ. യാസീന്‍ അഷറഫിനും കെ.സി. മാധവക്കുറുപ്പ് അവാര്‍ഡ് എം. ജയതിലകിനും സമ്മാനിച്ചു. മുഷ്താഖ് റിപ്പോര്‍ട്ടിങ് അവാര്‍ഡ് വി.കെ. സഞ്ജുവിനും ഫോട്ടോ അവാര്‍ഡ് മുസ്തഫ അബൂബക്കറിനും സമ്മാനിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു.