കോഴിക്കോട്: കേരളത്തിലെ കേരകര്‍ഷകരുടെ സംഘടിതമുന്നേറ്റത്തിന് തിരിച്ചടിയായി നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ടി.കെ. ജോസിനെ മാറ്റാന്‍ നീക്കം.കേരള കേഡറില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ജോസ്, മെയ് 19-ന് നാളികേര വികസനബോര്‍ഡിലെ അഞ്ചു വര്‍ഷ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കുകയാണ്.
രണ്ടുവര്‍ഷം കൂടി ഡെപ്യൂട്ടേഷന്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് പരിഗണിക്കാതെ, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ വന്‍ സമ്മര്‍ദം നടക്കുന്നതായാണ് സൂചന. നിലവിലുള്ള സാഹചര്യപ്രകാരം മെയ് 31 വരെയേ അദ്ദേഹം ചെയര്‍മാന്‍സ്ഥാനത്തുണ്ടാകൂ.
കേരളത്തിലെ തേങ്ങ കര്‍ഷകരെ നാളികേര ഉത്പാദക സംഘം(സി.പി.എസ്.), ഫെഡറേഷന്‍(സി.പി.എഫ്.), കമ്പനി(സി.പി.സി.) എന്നീ മൂന്നു തട്ടുകളിലായി സംഘടിപ്പിച്ച് വന്‍മുന്നേറ്റത്തിന് അടിത്തറയൊരുക്കി നില്‍ക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത്. കുടുംബശ്രീ പ്രസ്ഥാനം ഇന്നത്തെരീതിയില്‍ വളര്‍ത്തി വലുതാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് ടി.കെ. ജോസ്.
നാളികേരകര്‍ഷകരുടെ കൂട്ടായ്മയിലൂടെ നീര, തേങ്ങാ ജ്യൂസ്, വെളിച്ചെണ്ണ, വിര്‍ജിന്‍ വെളിച്ചെണ്ണ, കെയ്ക്ക്, ബിസ്‌കറ്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ പുത്തനുണര്‍വുണ്ടാക്കാന്‍ ജോസ് നേതൃത്വം നല്‍കിവരികയാണ്. കേരളത്തില്‍മാത്രം ഇപ്പോള്‍ 7000 നാളികേര കര്‍ഷക സംഘങ്ങളും 29 കമ്പനികളുമുണ്ട്.
ബാലാരിഷ്ടതകളില്‍നിന്ന് ഉറച്ച കാല്‍വെപ്പോടെ മുന്നോട്ടുപോകാന്‍ ജോസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് കര്‍ഷകകൂട്ടായ്മകള്‍ കേന്ദ്ര നേതൃത്വത്തോടും കേരളത്തിലെ ബി.ജെ.പി.നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ടി.കെ. ജോസിനെ മാറ്റാന്‍ നീക്കംനടക്കുന്നത്.