കണ്ണൂർ/കൊച്ചി: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് അർജുൻ ആയങ്കിയും സംഘവും എത്തിയ കാർ കണ്ടെത്തി. പരിയാരം ആയുർവേദ കോളേജിന് സമീപം വിളയാങ്കോടിനടുത്ത് കുളപ്പുറത്തെ കുന്നിൻപ്രദേശത്ത് ഞായറാഴ്ച വൈകീട്ടോടെയാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കോയ്യോട്ടെ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന സി. സജേഷിന്റെ പേരിലുള്ളതാണ് കാർ. ഇയാളെ സി.പി.എമ്മിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.

അഞ്ചരക്കണ്ടി ഏരിയയിലെ കോയ്യോട് മൊയാരം ബ്രാഞ്ച് അംഗമാണ് സജേഷ്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് നോർത്ത് വില്ലേജ് സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ സജേഷിനെ ഡി.വൈ.എഫ്.ഐ.യിൽനിന്ന് ശനിയാഴ്ച പുറത്താക്കിയിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. പാർട്ടിയിൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു.

അർജുൻ ആയങ്കി ഇന്ന് കസ്റ്റംസിന് മുന്നിലെത്തണം

സ്വർണക്കടത്തിൽ മുഖ്യഇടനിലക്കാരനായി കരുതുന്ന അർജുൻ ആയങ്കി തിങ്കളാഴ്ച കസ്റ്റംസിന് മുന്നിൽ ഹാജരാകണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജരാകാനാകാനാണ് നോട്ടീസ്. അന്വേഷണോദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്ന് അർജുൻ ഫെയ്സ്ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ സാമ്പത്തിക കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

content highlights: kozhikode gold smuggling: cpm expels sajesh