Cinemaകോഴിക്കോട്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് മലയാളസിനിമ നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിച്ചു. തിയേറ്ററുകളിലെ കളക്ഷന്‍ കുത്തനെ കുറഞ്ഞു. പ്രദര്‍ശനത്തിനൊരുങ്ങിയ പല മലയാളചിത്രങ്ങളും റിലീസിങ് നീട്ടിവെച്ചു. നിര്‍മാണം നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നിട്ടില്ലെങ്കിലും ലൊക്കേഷനുകളിലെ ദൈനംദിന കാര്യങ്ങള്‍ പ്രശ്‌നത്തിലായതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞു.

150 ക്ലബ്ബിലേക്ക് കുതിക്കുന്ന പുലിമുരുകന്റെ കളക്ഷനെ ചില്ലറക്ഷാമം സാരമായി ബാധിച്ചതായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. പുലിമുരുകന്‍ പുറത്തിറങ്ങിയ ശേഷം ആദ്യമായി കഴിഞ്ഞദിവസങ്ങളിലാണ് ചിത്രം ഹൗസ് ഫുള്‍ അല്ലാതെ പ്രദര്‍ശിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം കാര്യക്ഷമമാക്കിയതാണ് തിയേറ്ററുകള്‍ക്ക് തെല്ലെങ്കിലും ആശ്വാസമാകുന്നത്. സൂപ്പര്‍ താരങ്ങളുടെതുള്‍പ്പെടെ പതിനഞ്ചോളം മലയാളസിനിമകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. സെറ്റില്‍ ദിവസം ഒരുലക്ഷം മുതല്‍ മൂന്നരലക്ഷംവരെ ശരാശരി ചെലവുവരുന്നുണ്ട്. താരങ്ങള്‍ക്കും മറ്റു ജോലിക്കാര്‍ക്കുമുള്ള പണം ബാങ്ക് വഴിയും ചെക്കായും നല്‍കാമെങ്കിലും ദിവസച്ചെലവിനായുള്ള നോട്ടുകള്‍ കൈയിലില്ലാത്തതാണ് വെല്ലുവിളി.

തമിഴ് സിനിമയില്‍ ലൊക്കേഷന്‍ ചെലവുകള്‍ മലയാളത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പണം എത്തിക്കാന്‍ കഴിയാത്തതിനാല്‍ കോളിവുഡില്‍ സിനിമകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി രവി കൊട്ടാരക്കര അറിയിച്ചു. 20 ലക്ഷം മുതല്‍ 50 ലക്ഷംവരെയാണ് തമിഴകത്ത് ഒരുദിവസത്തെ ലൊക്കേഷന്‍ ചെലവ് .
സേവനനികുതി, ആദായനികുതി വകുപ്പുകള്‍ പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് മലയാളത്തില്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചാണ് സിനിമാനിര്‍മാണം നടത്തിയതെന്നും അതുകൊണ്ടുതന്നെ പുതിയ സാഹചര്യത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ വിശദീകരിക്കുന്നു. സിനിമയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചെറിയജോലിക്കാര്‍ക്കുപോലും കൂലിയും ബത്തയുമെല്ലാം നേരിട്ട് കൈപ്പറ്റാന്‍ കഴിയുന്നില്ല.

അന്യഭാഷാചിത്രങ്ങള്‍ക്ക് പൊതുവേ മലയാളത്തേക്കാള്‍ കൂടുതല്‍ നിര്‍മാണച്ചെലവുണ്ട്. ഇതില്‍ വലിയൊരുഭാഗവും പലരില്‍ നിന്നായി സംഘടിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവയ്‌ക്കെല്ലാം കൃത്യം കണക്ക് നല്‍കുക പ്രയാസമാകും. നോട്ടുകളുടെ ലഭ്യതക്കുറവ് നിര്‍മാണത്തിലിരിക്കുന്ന സിനിമകള്‍ക്ക് ദോഷം വരുത്തുമെന്ന് നടനും എം.പി.യുമായ ഇന്നസെന്റ് പറഞ്ഞു. ചെറിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകും എന്നുറപ്പുവരുത്തിയശേഷമേ ഇത്തരമൊരു തീരുമാനം സ്വീകരിക്കായിരുന്നുള്ളൂവെന്നും അദ്ദേഹം പറത്തു. നാദിര്‍ഷ സംവിധാനംചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്റെ ഒരേമുഖം എന്നിവയാണ് പ്രദര്‍ശനത്തിന് തയ്യാറായിനില്‍ക്കുന്ന മലയാളചിത്രങ്ങള്‍.