കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി. ജലീലിനെതിരേ മറ്റൊരു ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവും എം.എൽ.എ.യുമായ കെ.എം. ഷാജി. ഗുരുതര നിയമലംഘനങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തതായി അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.

തദ്ദേശവകുപ്പ് ഉദ്യോഗസ്ഥനായ വി. രാമകൃഷ്ണൻ എലപ്പുള്ളി പഞ്ചായത്തിൽ യു.ഡി. ക്ലാർക്ക് ആയിരിക്കേ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതുമൂലം പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലേക്ക് സ്ഥലംമാറ്റപ്പെട്ടു. അന്വേഷണത്തിൽ 146 തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയതായി വ്യക്തമായതിനെത്തുടർന്ന് 2017 ജൂൺ എട്ടിന് സർവീസിൽനിന്ന് പിരിച്ചുവിട്ടു.

എന്നാൽ, ഇദ്ദേഹം മന്ത്രി ജലീലിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്താതെ ആറുദിവസത്തിനകം തിരിച്ചെടുത്തു. ഇതിനായി മന്ത്രി തന്നെയാണ് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. കച്ചവട മാഫിയക്ക് വേണ്ടി കൃത്യമായ താത്പര്യങ്ങളോടെയാണിത് ചെയ്തതെന്നും ഈ വിഷയത്തിൽ നിയമനടപടി തേടി ഹൈക്കോടതിയെ സമീപിച്ചതായും ഷാജി പറഞ്ഞു.