കോഴിക്കോട്: പ്രളയബാധിത മേഖലകളിൽ അടുത്ത കാലവർഷത്തിനുമുമ്പ് 16,000 വീടുകൾ പണിയും. നവകേരള കർമപദ്ധതിയുടെ ഭാഗമായാണ് പുനർനിർമാണങ്ങൾ നടക്കുക. പ്രളയാനന്തര പുനർനിർമാണങ്ങൾക്കുള്ള മാനദണ്ഡങ്ങളനുസരിച്ചുള്ളവയാകും ഈ വീടുകൾ.

പ്രളയത്തിൽ വീട് നഷ്ടമായ, സ്വന്തമായി ഭൂമിയുള്ളവർക്കാണ് ഇപ്രകാരം വീടുകളുണ്ടാക്കുന്നത്. സ്വന്തമായി വീടു പണിയാൻ പണമില്ലാത്തവർക്ക് പണിതുനൽകുകയും സ്‌പോൺസർഷിപ്പുകൾ മുഖേന സഹായം ലഭ്യമാക്കുകയുമാണ് ചെയ്യുക.

നാലുലക്ഷം രൂപയാണ് വീടുണ്ടാക്കാൻ സർക്കാർ നൽകുക. 400 ചതുരശ്ര അടിയുള്ള വീടുകളാണ് പണിയുക. സ്വന്തമായി പണിയുന്നവർക്കും അല്ലാത്തവർക്കും വിവിധ ഏജൻസികളുടെ സഹായവും വൈദഗ്ധ്യവും ലഭ്യമാക്കും. 400 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളാണെങ്കിൽ സ്വയംപണിയേണ്ടിവരും. ഇവർക്കും നാലുലക്ഷം രൂപയും വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കും.

വീടുകൾ നഷ്ടമായവരെ വിളിച്ചുവരുത്തി വിശദമായി ചർച്ച നടത്തിയാണ് ഓരോരുത്തർക്കും ഏതുതരം പദ്ധതിയാണ് വേണ്ടതെന്ന്‌ തീരുമാനിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഇതിനു തുടക്കംകുറിച്ചത്. പ്രളയത്തെത്തുടർന്ന് വീട് പുനർനിർമിക്കേണ്ട എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ശില്പശാല നടത്തിക്കൊണ്ടാണ് അഭിപ്രായങ്ങളും ആശയങ്ങളും ആരാഞ്ഞത്. പ്രളയദുരിതം കൂടുതലുള്ള തെക്കൻജില്ലകളിൽ ബ്ലോക്കടിസ്ഥാനത്തിലാവും ഇത്തരം ശില്പശാലകൾ.

പ്രളയംപോലുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമിതികൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം. കോൺക്രീറ്റിൽ മുൻകൂർ ഉണ്ടാക്കുന്ന കെട്ടിടങ്ങൾ ക്രെയിൻ വഴി ഉറപ്പിച്ചുകൊണ്ടുള്ള രീതി പറ്റാവുന്നിടങ്ങളിൽ നടപ്പാക്കും. വളരെ പെട്ടെന്ന് പൂർത്തിയാക്കാനാവുമെന്നതും പരമ്പരാഗത നിർമാണ രീതിയെക്കാൾ ബലം കൂടുമെന്നതുമാണ് ഇതിന്റെ ഗുണം.

സർക്കാർ നേരിട്ട് വീട് നിർമിക്കേണ്ടതുണ്ടെങ്കിൽ അതിന് കളക്ടറെ ചുമതലപ്പെടുത്തുന്ന സമ്മതപത്രം ഉടമകൾ നൽകേണ്ടതുണ്ട്. സാമ്പത്തികസഹായം നൽകുന്നത് ഘട്ടംഘട്ടമായിട്ടാവും. വാങ്ങിയ പണം വീട് നിർമിക്കാൻതന്നെ ഉപയോഗിക്കുന്നു എന്നുറപ്പാക്കിക്കൊണ്ടാവും ബാക്കി തുക നൽകുക.

സംസ്ഥാനതലത്തിൽ 4500 വീടുകളാണ് സ്പോൺസർഷിപ്പ് വഴി നിർമിക്കുക. എന്നാൽ, ആവശ്യകത ഇതിനെക്കാൾ ഏറെയാണ്. ഓരോ ജില്ലയിലും പ്രാദേശികമായും ബാക്കി സ്‌പോൺസർഷിപ്പ് വഴിയും കണ്ടെത്താനാണ് നിർദേശം. വീടുണ്ടാക്കാൻ ഭൂമിയില്ലാത്തവരുടെ പ്രശ്‌നം പ്രത്യേകം പരിഗണിക്കും. അവർക്കായി ജില്ലകൾതോറും ലാൻഡ് പൂൾ തയ്യാറാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള, ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയും വ്യക്തികളിൽനിന്ന് സംഭാവനയായി ലഭിക്കുന്ന ഭൂമിയുമാണ് ഉപയോഗിക്കുക.

വീട് പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച്

നാലുലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കുക സാധാരണനിലയ്ക്ക് അസാധ്യമാണ്. നിർമാണസാമഗ്രികൾ ഒന്നിച്ചെത്തിക്കുകയും വൈദഗ്ധ്യവും സേവനങ്ങളും സൗജന്യമായി ലഭിക്കുകയും പ്രാദേശികമായ വിഭവസമാഹരണം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് പൂർത്തിയാക്കുക. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമാണജോലികൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. എല്ലായിടത്തും ഒരേരീതിയിലുള്ള വീടുകൾ സാധ്യമാകില്ല. പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ കൂടി പരിഗണിച്ചേ തീരുമാനമെടുക്കൂ. -റസി ജോർജ്, മിഷൻ മോണിറ്ററിങ് ടീം മെമ്പർ, നവകേരള കർമപദ്ധതി