കോഴിക്കോട്: ‘‘രാവിലേം രാത്രീം പുതിയ സ്റ്റാൻഡിലെ ടോയ്‌ലറ്റിലേക്ക് പോകും ഞങ്ങൾ. അഞ്ച് രൂപ കൊടുക്കണം അവിടെ. രാത്രീൽ പോകാൻ പേടിയാ. ഏതൊക്കെയോ ആളുകൾ, ചിലപ്പോ വെളിച്ചം പോലും ഉണ്ടാകില്ല. പോകാതെ തരമില്ല. സ്കൂളിൽ പോകുന്നതുകൊണ്ട് പകല് കഴിഞ്ഞുകൂടും’’- കോഴിക്കോട് സ്റ്റേഡിയത്തിന് സമീപം പൂതേരി സത്രംപറമ്പ് കോളനിയിലെ നാലാംക്ലാസുകാരി അരുന്ധതി ഇത് പറയുമ്പോൾ മുഖത്ത് നിവൃത്തികേടിന്റെ മരവിപ്പ്.

അരുന്ധതിയെപ്പോലെ കുറച്ചേറെപ്പേരുണ്ട് പൂതേരി കോളനിയിൽ. പ്രളയക്കെടുതിക്ക് ശേഷം കക്കൂസിൽ പോകാൻ 200 മീറ്റർ അകലെയുള്ള ബസ്‌സ്റ്റാൻഡിനെ ആശ്രയിക്കുന്നവർ. എൽ.കെ.ജി. മുതൽ എൻജിനീയറിങ്ങിന് പഠിക്കുന്നവർവരെയുണ്ടിവിടെ. കോളനിയിലെ കക്കൂസുകൾ ഉപയോഗശൂന്യമായിട്ട് മാസം ഒന്ന് പിന്നിട്ടു.

31 കുടുംബങ്ങളാണ് കോളനിയിലുള്ളത്. എൺപതോളം സ്ത്രീകളുണ്ട് കൂട്ടത്തിൽ. ഭൂരിഭാഗം കുടുംബങ്ങളും കോർപ്പറേഷനിൽ പല ജോലിക്കും പോകുന്നവർ. എന്നിട്ടുപോലും കാണേണ്ടവർ മാത്രം ഇവരുടെ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് മാത്രം. ഡയറ്റ് നടപ്പാക്കുന്ന ‘ഒരു വിളിപ്പാടകലെ’ പദ്ധതിയുടെ ഭാഗമായി കോളനിയിലെത്തിയ അധ്യാപകരാണ് ഇവരുടെ പ്രശ്നങ്ങൾ സമൂഹത്തിന് മുന്നിലെത്തിച്ചത്.

ആറ് കക്കൂസും മൂന്ന് കുളിമുറികളുമാണ് ഇവിടെയുള്ളത്. പ്രളയക്കെടുതി കോളനിയെയും ബാധിച്ചു. കക്കൂസ് ടാങ്കുകളിൽ നിന്നുള്ള മാലിന്യം ഇവരുടെ കുടിലുകൾക്കകത്തേക്കൊഴുകി. അധികമകലെയല്ലാത്ത പുതിയറ സഭാ സ്‌കൂളിലെ ക്യാമ്പിലേക്കാണ് കോളനിക്കാർ പോയത്. വെളളമിറങ്ങിയെങ്കിലും കക്കൂസുകൾ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയായി.

തീരെ നിവൃത്തിയില്ലെങ്കിൽ ഇവിടെ തന്നെ പോകും ചിലർ. ഇവിടത്തെ ടാങ്ക് വൃത്തിയാക്കാനും മാലിന്യംനീക്കാനും അധികൃതർ തയ്യാറായാൽ പല സംഘടനകളും കക്കൂസ് കെട്ടിക്കൊടുക്കാൻ സന്നദ്ധത അറിയിക്കുകയും അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. പക്ഷേ, ഇവിടത്തെ മാലിന്യം നീക്കംചെയ്യാതെ ഒന്നും ചെയ്യാനാവില്ല. ഏതൊക്കെയോ സ്ഥലങ്ങളിൽ നിന്നുള്ള പലതരം മാലിന്യങ്ങളും കക്കൂസിനോട് ചേർന്ന് കൊണ്ടിട്ടിട്ടുണ്ട്.

‘‘കുട്ടികളെങ്ങനെ സ്കൂളിൽ കൃത്യസമയത്ത് എത്തും. ടോയ്‌ലറ്റിൽ പോകണമെങ്കിൽ ബസ്‌സ്റ്റാൻഡിൽ പോയി കാത്തുകെട്ടി നിൽക്കണം. രാത്രി പെൺമക്കളേം കൊണ്ട് പോകുമ്പോൾ എന്തെങ്കിലും പറ്റിയാൽ ആരുത്തരം പറയും. പരാതിപ്പെടുമ്പോൾ അധികൃതർ പറഞ്ഞത്, സ്റ്റാൻഡിൽ സൗജന്യമാക്കിത്തരാമെന്നാണ്. ഇതാണോ ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്...’’ -പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനെക്കുറിച്ച് പറഞ്ഞപ്പോൾ വി. വിജിയുടെ വാക്കുകളിൽ അമ്മമനസ്സിന്റെ ആകുലതകൾ.

കോളനിയിൽ ഒരു കിണറാണുള്ളത്. പ്രളയശേഷം ഇതിൽ നിന്ന് വെള്ളമെടുക്കരുതെന്ന് നിർദേശമുണ്ടായിരുന്നു. പലവട്ടം ക്ലോറിനേറ്റ് ചെയ്തു. ഇപ്പോൾ ഇവിടെനിന്ന് തന്നെയാണ് വെള്ളമെടുക്കുന്നത്. കുളിമുറിക്ക് നേരാംവണ്ണം വാതിലുമില്ല. ധൈര്യമായിട്ട് കുളിക്കാൻ പോലും പറ്റില്ലെന്നാണ് വീട്ടുകാർ പറയുന്നത്. മരപ്പലകയുടെ ഉറപ്പിലാണ് ഈ വീടുകൾ നിൽക്കുന്നത്.

പതിനായിരം രൂപ കിട്ടിയില്ല

പ്രളയദുരിതാശ്വാസമായുള്ള പതിനായിരം രൂപ ഇവിടെയുള്ള പത്ത് പേർക്കാണ് കിട്ടിയിട്ടുള്ളത്. ആദ്യം ഏഴുപേർക്ക് കിട്ടി. പിന്നെ വീണ്ടും എഴുതിക്കൊടുത്തപ്പോൾ രണ്ടോ മൂന്നോ പേർക്ക് കൂടി കിട്ടി. ബാക്കിയുള്ളവർ ഇപ്പോഴും കാത്തിരിക്കുകയാണ്. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. വൈകാതെ തന്നെ തുക കിട്ടുമായിരിക്കുമെന്ന പ്രതീക്ഷയിലാണിവർ.