കോഴിക്കോട്: കനത്ത പേമാരിയിലും ഉരുൾപൊട്ടലിലും കോഴിക്കോട് ജില്ലയിൽമാത്രം വ്യാഴാഴ്ച എട്ടു മരണം. മൂന്നു കുട്ടികൾ ഉൾപ്പെടെ ഏഴുപേർ ഉരുൾപൊട്ടലിലും പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളുമാണ് മരിച്ചത്. ഏഴുപേരെ കാണാതായി. മലപ്പുറം, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി ആറുപേർ മരിച്ചു. ഇതോടെ വ്യാഴാഴ്ച മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി.

തുടർച്ചയായ മഴയെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് കോഴിക്കോട്ട് വൻദുരന്തമുണ്ടായത്. കരിഞ്ചോലമലയിലെ രണ്ടിടങ്ങളിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിലാണ് ഏഴുപേർ മരിച്ചത്. മലവെള്ളപ്പാച്ചിലിൽ നാലു വീടുകൾ പൂർണമായും മണ്ണിനടിയിലായി. കാണാതായ ഏഴുപേർക്കായി ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

ജില്ലയിൽ താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലെ രണ്ടിടങ്ങളിലും കക്കയം, പുല്ലൂരാമ്പാറ, ചമൽ, കുളിരാമുട്ടി എന്നിവിടങ്ങളിലായി ആറിടങ്ങളിലുമാണ് ഉരുൾപൊട്ടലുണ്ടായത്. 12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാർപ്പിച്ചു.

കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന അഞ്ചു വീടുകളിൽ നാലു വീട്ടുകാരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നിനാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ഇതിൽ കരിഞ്ചോലമലയിലെ മണിക്കുന്ന് സ്വദേശി പ്രസാദിന്റെ വീട് തകർന്നു. ആളപായമുണ്ടായില്ല. നാട്ടുകാരും അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. സമീപവീടുകളിലെ ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെ രാവിലെ ആറുമണിക്ക് കനത്തശബ്ദത്തോടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. ഞൊടിയിടയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടുകൾ മണ്ണിനടിയിലായി. കരിഞ്ചോല ഹസൻ, അബ്ദുറഹിമാൻ, അബ്ദുസലിം, ഈർച്ച അബ്ദുറഹിമാൻ, കൊടശ്ശേരി പൊയിൽ പ്രസാദ് എന്നിവരുടെ വീടുകളാണ് തകർന്നത്. അപകടത്തിന് അല്പസമയംമുമ്പ് വീടുമാറിയതിനാൽ ഈർച്ച അബ്ദുറഹിമാനും കുടുംബവും രക്ഷപ്പെട്ടു.

അബ്ദുറഹിമാന്റെ വീട്ടിൽ അബ്ദുറഹിമാനും മകൻ ജാഫറും അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ജാസിമും മരിച്ചു. അബ്ദുറഹിമാന്റെ ഭാര്യ നഫീസയെ കാണാതായി. ജാഫറിന്റെ ഭാര്യ ഹന്നത്തും ഒരു മകളും പരിക്കുകളോടെ രക്ഷപ്പെട്ടു.

അബ്ദുൽ സലീമിന്റെ വീട്ടിൽ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. സലീമും ഭാര്യയും ഒരു മകനും ഉമ്മയും രക്ഷപ്പെട്ടു.

കോഴിക്കോട്ട് മരിച്ചവർ

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), മകൻ മണിക്കുന്നുമ്മൽ ജാഫർ ‍(34), ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17). വടകര പുതുപ്പണം വെളുത്തമലയിലെ കുന്താപ്പുറത്ത് ദാസന്റെ മകൻ അഭിനവ് (17) പുഴയിൽ ഒഴുക്കിൽപ്പെട്ടുമരിച്ചു.

കോട്ടയം, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി ആറു മരണം

കോട്ടയത്തും മലപ്പുറത്തും വ്യാഴാഴ്ച രണ്ടുപേർ വീതം മുങ്ങിമരിച്ചു. കോട്ടയം അയർക്കുന്നം ഗവ. എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് കാണാതായ അമയന്നൂർ കുന്നത്തുപറമ്പിൽ പ്രസാദി(43)നെ വ്യാഴാഴ്ച രാവിലെ പാടത്തെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം നീണ്ടൂർ മുടക്കാലിൽ തോട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഒരു ദിവസം പഴക്കമുള്ള മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലയിൽ പുൽപറ്റയിൽ തോട്ടിൽവീണ് ചീതോടത്ത് മംഗലൻ സുനീർ (33), പൊന്നാനി പടിഞ്ഞാറെക്കര അഴിമുഖത്ത് മീൻപിടിത്തത്തിനിടെ ഫൈബർ ബോട്ട് മറിഞ്ഞ് കാണാതായ താനൂർ അഞ്ചുടി സ്വദേശി കുട്യാമൂന്റെ പുരയ്ക്കൽ ഹംസ (60) എന്നിവരാണ് മരിച്ചത്. തൃശ്ശൂരിൽനിന്നാണ് ഹംസയുടെ മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ഒരാൾ മരം തലയിൽവീണ് മരിച്ചു. മേത്തല കടുക്കച്ചുവട് ശാസ്താംപറമ്പിന് സമീപം താണിയത്ത് സുബ്രഹ്മണ്യന്റെ മകൻ സുരേഷ് (55) ആണ് മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. പുന്നയൂർക്കുളത്ത് ബുധനാഴ്ച കാണാതായ ആളെ വ്യാഴാഴ്ച കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. പനന്തറ പട്ടത്ത് വാസു (53) ആണ് മരിച്ചത്.

കക്കയത്ത് ഉരുൾപൊട്ടിയത് പെൻസ്റ്റോക്ക് പൈപ്പിന്റെ അടിയിലൂടെ

കക്കയത്ത് ഉരുൾപൊട്ടി ഡാം സൈറ്റ് റോഡ് തകർന്നു. കക്കയം ടൗണിൽനിന്ന് ഡാമിലേക്കുള്ള റോഡിൽ അയ്യപ്പൻകുന്ന് ഭാഗത്താണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ ഉരുൾപൊട്ടലുണ്ടായത്. കക്കയം ഡാമിൽനിന്ന് കെ.എസ്.ഇ.ബി. പവർഹൗസിലേക്കുള്ള പെൻസ്റ്റോക്ക് പൈപ്പിന്റെ അടിഭാഗത്തുകൂടിയാണ് കൂറ്റൻ കല്ലുകളും വെള്ളവും ഒലിച്ചെത്തിയത്. പൈപ്പിനും തൂണുകൾക്കും കേടുപാടുണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം.

രക്ഷാപ്രവർത്തനം ഊർജിതമാക്കി -മുഖ്യമന്ത്രി

തിരുവനന്തപുരം: താമരശ്ശേരിയിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 48 പേരടങ്ങുന്ന ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറേറ്റിൽ റവന്യൂ മന്ത്രിയും തൊഴിൽ മന്ത്രിയും ഗതാഗത മന്ത്രിയും അടക്കം യോഗം ചേർന്നു. കളക്ടറുടെ നേതൃത്വത്തിൽ സംഘം കാര്യങ്ങൾ ചെയ്തുവരികയാണ്.

സംസ്ഥാനത്ത് കാലവർഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും കളക്ടർമാർക്കും നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.