കോഴിക്കോട്: ‘വീട്ടിൽ പോകാറായല്ലോ?’ ചോദ്യം തീരുംമുമ്പേ അജന്യയുടെ മറുപടിവന്നു, ‘ഒരുപാട് സന്തോഷത്തിലാണ്, എത്രനാളായി കാത്തിരിക്കുന്നു’. അജന്യമാത്രമല്ല, മൊത്തം കേരളം കാത്തിരിക്കുകയായിരുന്നു, നിപയെ തോൽപ്പിച്ച മിടുക്കി പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുന്ന നാളിനായി.

രോഗം മുഴുവൻ മാറി സാധാരണ നിലയിലായിട്ട് ദിവസങ്ങൾ ഏറെയായി. ഒരുതരത്തിലുള്ള രോഗവും അജന്യയുടെ ശരീരത്തെ ബാധിച്ചില്ലെന്ന് നൂറുവട്ടം ഉറപ്പുവരുത്താനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു മെഡിക്കൽ കോളേജിലെ ചികിത്സാ ചുമതലയിലുണ്ടായിരുന്നവർ. ഇത്രയും ദിവസം ഒറ്റമുറിയിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥത മാത്രമായിരുന്നു അജന്യക്ക്. ഇനി അവൾക്ക് ചെല്ലാം, പ്രിയപ്പെട്ടവരുടെ അരികിലേക്ക്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതുമുതൽ മെഡിക്കൽ കോളേജിലെ പേ വാർഡിൽ എത്തിയതുവരെ കുറച്ച്‌ കഠിനമായ ദിവസങ്ങൾ അജന്യയുടെ മനസ്സിലുണ്ട്. ചിലത് അവ്യക്തമാണ്.

എങ്കിലും തന്റെ ജോലിയെ നെഞ്ചോടുചേർക്കാൻ നഴ്‌സിങ് വിദ്യാർഥിനിയായ അജന്യക്ക് ഈ രോഗം മറ്റൊരുകാരണം കൂടിയാവുകയായിരുന്നു. പ്രൊഫഷന്റെ മഹത്ത്വവും സേവന മനസ്സും മുന്നോട്ടുകൊണ്ടുപോകാൻ ശക്തിപകരുമെന്ന് അജന്യയും വിശ്വസിക്കുന്നു.

ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഓരോരുത്തർക്കും നന്ദിപറയുകയാണ് അജന്യ. മനസ്സിന് ശക്തിപകർന്ന കുടുംബവും കൂട്ടുകാരും എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. മത്സരിച്ച് പരിചരിച്ച നഴ്‌സുമാരും ഡോക്ടർമാരും മറ്റ് ജീവനക്കാരും. എല്ലാവരെയും അജന്യ ഹൃദയത്തോട് ചേർത്തിരിക്കുന്നു. തിരിച്ചുചെന്ന് അല്പനാൾകൂടി വിശ്രമം, അതുകഴിഞ്ഞ് വീണ്ടും നഴ്‌സിങ് പഠനത്തിലേക്ക്.

വ്യാജവാർത്തകൊണ്ട് വീർപ്പുമുട്ടിക്കരുതേ -ഉബീഷ്

കോഴിക്കോട്: നിപയെ പൂർണമായും തോൽപ്പിച്ചതിന്റെ സന്തോഷത്തിലും ഉബീഷിന് നാട്ടിലെ അവസ്ഥ പേടിയാണ്. വ്യാജ പ്രചാരണങ്ങൾകൊണ്ട് ഒറ്റയായിപ്പോകുന്ന വീട്ടുകാരുടെ സങ്കടമാണ് ഉബീഷിനെ അലട്ടുന്നത്.

‘നിപ ബാധിച്ച് ഭാര്യ ഷിജിത മരിച്ചതിനുശേഷം വന്നതെല്ലാം അതിനെക്കാൾ തളർത്തുന്ന വാർത്തകളായിരുന്നു. പല മാധ്യമങ്ങളിലും വന്ന വാർത്തകൾ പൊതുജീവിതത്തിൽനിന്ന് കുടുംബത്തെ ഒറ്റപ്പെടുത്തി. കുടുംബാംഗങ്ങൾപോലും കടന്നുചെല്ലാൻ ഇന്നും ഭയക്കുന്ന അവസ്ഥ. ചുറ്റുപാടുകളിൽനിന്ന് അങ്ങനെയൊന്നും രോഗം ബാധിക്കില്ലെന്ന് മനസ്സിലായിട്ടും എന്തിനാണ് ഇത്തരം പ്രവൃത്തികൾ. ഭാര്യ മരിച്ചതിനുപിന്നാലെ കെട്ടുകഥകൾ തന്നെയായിരുന്നു നാട്ടിൽ മുഴുവൻ. കുടുംബത്തെ ഇനിയും ഒറ്റപ്പെടുത്തരുത്’ -ഉബീഷ് അപേക്ഷിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ, കൂട്ടുകാർ എല്ലാവർക്കും എല്ലാ പരിശോധനയും നടത്തി രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഉബീഷിന്റെ ശരീരത്തിൽ മാരകമായ രീതിയിൽ നിപ വൈറസ് ആക്രമിച്ചിരുന്നില്ലെന്നാണ് അനുമാനം. ആദ്യ ടെസ്റ്റ് പോസിറ്റീവായിരുന്നു. എന്നാൽ, തുടർ പരിശോധനകളിൽ എല്ലാം നെഗറ്റീവ് ആണെന്ന് തെളിഞ്ഞതാണ്. പെട്ടെന്നുതന്നെ മരുന്നുകൾ ഫലം കാണിക്കുകയും ചെയ്തു. പൂർണമായും രോഗവിമുക്തനായ ഉബീഷ് 14-ന് ആശുപത്രി വിടാമെന്ന ആശ്വാസത്തിലാണ്.

‘ജോലിചെയ്യുന്ന ഒരാളാണ് ഞാൻ. എന്റെ ജോലിക്കും ജീവിതത്തിനും ആ രോഗം വന്നിരുന്നു എന്നത് ഒരു തടസ്സമാവരുതെന്നാണ് പ്രാർഥന. അറിയാത്ത പലരും ഇക്കാലയളവിൽ സഹായവുമായി എത്തി. ഒരുപാട് നന്ദിയുണ്ട് എല്ലാവരോടും’ -ഉബീഷ് പറയുന്നു.